തിരുവനന്തപുരം: കേരളസർവകലാശാല വിവിധ പഠനവകുപ്പുകളിൽ പി.ജി, എം.ടെക് കോഴ്സുകൾക്ക് അപേക്ഷിക്കാം. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അവസരം. പ്രവേശന പരീക്ഷയുണ്ടാകും. അപേക്ഷാഫീസ് 750 രൂപ. അവസാന തീയതി മേയ് 11. വിശദവിവരങ്ങൾ: admissions.keralauniversity.ac.in/css2022, ഫോൺ: 0471-2308328
മേയ് 3 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്, ഡിസംബർ 2021 ബി.എ, ബി.എസ്സി, ബി കോം, ബി.ബി.എ, ബി.സി.എ, ബി.എം.എസ്. എന്നീ (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ, അഡിഷണൽ സപ്ലിമെന്ററി - 2016 അഡ്മിഷൻ) സ്പെഷ്യൽ പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
ആരോഗ്യ സർവകലാശാല
ബി.എസ് സി നഴ്സിംഗ്പരീക്ഷാഫലം
തൃശൂർ: ആരോഗ്യസർവകലാശാല 2022 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം വർഷ ബി.എസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മേയ് ഏഴിനകം അപേക്ഷിക്കണം. ഈ വിജയത്തിന്റെ അടിസ്ഥാനത്തിൽ, നാലാം വർഷ ബി.എസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ മേയ് 2022ന് രജിസ്റ്റർ ചെയ്യാൻ അർഹത നേടിയ വിദ്യാർത്ഥികൾക്ക്, പരീക്ഷയ്ക്ക് 2022 ഏപ്രിൽ 29 വരെ ബന്ധപ്പെട്ട കോളേജുകൾ മുഖേന പിഴ കൂടാതെ രജിസ്ട്രേഷൻ നടത്താം.
2022 ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലം വന്ന രണ്ടാം വർഷ ബി.എസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീ ടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ടൈംടേബിൾ
മേയ് 4 ന് തുടങ്ങുന്ന ഒന്നാം വർഷ ബാച്ച്ലർ ഒഫ് ഒക്യുപേഷണൽ തെറാപ്പി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മേയ് 23 ന് തുടങ്ങുന്ന ഒന്നാം വർഷ എം.എസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നോർക്ക ജർമൻ റിക്രൂട്ട്മെന്റ്
ഇൻഫർമേഷൻ സെഷൻ ഇന്ന്(29)
തിരുവനന്തപുരം: മലയാളി നഴ്സുമാരെ ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പു വച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമുള്ള റിക്രൂട്ട്മെന്റിന്റെ ഇൻഫർമേഷൻ സെഷൻ ഇന്ന് നടക്കും. 13,000 അപേക്ഷകരിൽ നിന്നും ഷോർട്ലിസ്റ്റ് ചെയ്ത നാനൂറോളം പേർക്ക് ജർമനിയിലെ ജീവിത, തൊഴിൽ സാഹചര്യങ്ങളും ഇന്റർവ്യൂ വിശദാശംങ്ങളും ജർമൻ ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട് മനസിലാക്കുന്നതിനാണിത്.
തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ രാവിലെ 11 ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12.45 മുതൽ രണ്ട് മണിവരെയാണ് ജർമൻ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം.
നിലവിൽ ജർമൻ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിനുള്ള ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഇന്റർവ്യൂവിന്റെ സർട്ടിഫിക്കറ്റ് പരിശോധനയും ഈ സെഷനിൽ നടക്കും. കഴിഞ്ഞ ആറു മാസത്തിനിടയിൽ ജർമൻ ഭാഷയിൽ ബി 1, ബി 2 ലവൽ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റുമായി പരിപാടിയിൽ പങ്കെടുക്കാം. ഷോർട്ട് ലിസ്റ്റിലുള്ളവരുടെ ഇന്റർവ്യൂ മേയ് നാല് മുതൽ പതിമൂന്ന് വരെ നടക്കും.
ഹോട്ടൽ മാനേജ്മെന്റ്
അപേക്ഷാ തീയതി നീട്ടി
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് പരീക്ഷ/ നാഷണൽ കൗൺസിൽ ഹോട്ടൽ മാനേജ്മെന്റ് (NCHM JEE) പ്രവേശന പരീക്ഷയുടെ അപേക്ഷാതീയതി മേയ് മൂന്നിൽ നിന്ന് 16ലേക്ക് നീട്ടി. അപേക്ഷകൾ nchmjee.nta.nic.in എന്ന വെബ് സെറ്റിൽ ലഭിക്കും. ജൂൺ 18നാണ് ബി.എസ് സി (ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രഷൻ) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ. അപേക്ഷിച്ച ശേഷം പ്രിന്റ് ഒൗട്ടെടുത്ത് സൂക്ഷിക്കണം.
ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ186 ഒഴിവുകൾ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ വിശാഖപട്ടണം റിഫൈനറിയിൽ 186 ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. ഓപ്പറേഷൻസ് ടെക്നീഷ്യൻ (യോഗ്യത: ഡിപ്ലോമ ഇൻ കെമിക്കൽ എൻജിനിയറിംഗ്), ബോയ്ലർ ടെക്നീഷ്യൻ (ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനിയറിംഗ്), മെയിന്റനൻസ് ടെക്നീഷ്യൻ (മെക്കാനിക്കൽ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനിയറിംഗ്), ലാബ് അനലിസ്റ്റ്, ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പെക്ടർ. പ്രായം: 18–25, ശമ്പളം: 26,000-76,000. അപേക്ഷാഫീസ്: 590. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ഫീസില്ല. വിവരങ്ങൾക്ക് www.hindustanpetroleum.com. അവസാന തീയതി മേയ് 21.
വിഷ്വൽ സയൻസ് ആൻഡ് ആർട്സ് പ്രവേശനം
കോട്ടയം: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ബിരുദാനന്തര ഡിപ്ളോമ (സ്ക്രിപ്റ്റ് റൈറ്റിംഗ്, ഡയറക്ഷൻ, ഛായാഗ്രഹണം, എഡിറ്റിംഗ് ആൻഡ് ഓഡിയോഗ്രഫി), ഡിപ്ളോമ (ആക്ടിംഗ്, അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്) പ്രോഗ്രാമുകളിലേക്കുള്ള ഒാൺലൈൻ അപേക്ഷകൾ മേയ് 6 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.krnnivsa.com
നീറ്റ് പരിശീലനം
അപേക്ഷ നൽകാം
തിരുവനന്തപുരം: പട്ടികവർഗ വിദ്യാർത്ഥികൾക്ക് 2022ലെ നീറ്റ്/എൻജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ഒരു മാസത്തെ പ്രത്യേക പരീക്ഷാപരിശീലനം (ക്രാഷ് കോഴ്സ്) നൽകാൻ അഞ്ചു വർഷം മുൻപരിചയമുളള സ്ഥാപനങ്ങളിൽ നിന്നും പ്രപ്പോസൽ ക്ഷണിച്ചു. അവസാന തീയതി: മേയ് 10ന് ഉച്ചയ്ക്ക് രണ്ടുവരെ. അന്നേ ദിവസം മൂന്നിന് സ്ഥാപന പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ അപേക്ഷ പരിശോധിക്കും. ഫോൺ: 0471-2303229, 2304594.
കേരള യൂണിവേഴ്സിറ്റിയിൽ ഡയറക്ടർ
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഒഫ് പബ്ളിക്കേഷൻസിൽ ഡയറക്ടർ തസ്തികയിലേക്ക് add3@keralauniversity.ac.in എന്ന മെയിൽ ഐഡിയിൽ അപേക്ഷിക്കാം. പതിനൊന്ന് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ 50,000 രൂപ പ്രതിഫലത്തിലാണ് നിയമനം. പ്രായപരിധി: 40- 60. ഏതെങ്കിലും വിഷത്തിൽ ബിരുദാനന്തരബിരുദവും എഡിറ്റിംഗ്, മേൽനോട്ടം എന്നിവയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പരിചയവും പാഠപുസ്തങ്ങളുടെ അച്ചടിയും പാഠപുസ്തകങ്ങളുടെ തയ്യാറാക്കലിലുള്ള പരിചയവും പുസ്തകരചനയും ഉയർന്ന യോഗ്യതയായി പരിഗണിക്കും.അപേക്ഷയുടെ ഹാർഡ് കോപ്പി യൂണിവേഴ്സിറ്റിക്ക് അയക്കേണ്ടതില്ല. ഫോൺ: 0471-2386237.
മോപ് അപ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടി
തിരുവനന്തപുരം : പി.ജി മെഡിക്കൽ കോഴ്സിലേക്കുള്ള പ്രവേശനത്തിന്റെ മോപ് അപ് അലോട്ട്മെന്റിന്റെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടിവച്ചതായി പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ലിസ്റ്റ് ഇന്നലെ പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |