
ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി
തൃശൂർ: 'തോൽവിയെ ഭയപ്പെടാതെ,നിരാശപ്പെടാതിരിക്കുക... സിവിൽ സർവീസ് എന്ന അഗ്നിപരീക്ഷയെ നേരിടുമ്പോൾ ആദ്യാവസാനം വേണ്ടത് ഇതുമാത്രമാണ്."" ഏഴാം ശ്രമത്തിൽ 142-ാം റാങ്കോടെ ഐ.പി.എസ് നേടിയ റെയിൽവേ എസ്.പി കെ.എസ്.ഷെഹൻഷാ പറയുന്നു.
സ്ഥിരോത്സാഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ട്രാക്കിൽ ഓടിയോടി തഴക്കം വന്ന ശരീരത്തിന്റെയും മനസിന്റെയും കരുത്തുകൊണ്ടാണ് ഈ 34കാരൻ പേരിനൊപ്പം ഐ.പി.എസ് എന്ന മൂന്നക്ഷരം കുറിച്ചിട്ടത്.
തോൽവി വിജയത്തിലേക്കുള്ള മുന്നോടിയാണ്.സ്‌പോർട്‌സ് ചാമ്പ്യൻ എന്ന നിലയിൽ തോൽവിയെ എങ്ങനെ മറികടക്കണമെന്നുള്ള കൃത്യമായ ധാരണയുണ്ടായിരുന്നു.യു.പി.എസ്.സിയിലും അതേ തത്വമാണ് തൃശൂർ കേച്ചേരി തൂവാനൂർ കറപ്പംവീട്ടിൽ ഷെഹൻഷാ പയറ്റിയത്.കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവുമാണ് ജയിക്കാനുള്ള താക്കോൽ.ആ താക്കോൽ കൊണ്ടാണ് സിവിൽ സർവീസിന് ആറ് തവണ പരാജയപ്പെട്ടിട്ടും ഏഴാം തവണ വിജയിച്ചത്.
എൻജിനിയറിംഗ് ബിരുദവും ഓട്ടവും
തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗ് പഠനകാലത്ത് അത്‌ലറ്റിക്‌സിലും ശ്രദ്ധ പുലർത്തി.സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇന്ത്യയിൽ (സായ്) നിന്ന് അത്‌ലറ്റിക്‌സിൽ പരിശീലനം നേടി എട്ട് വർഷത്തിനുള്ളിൽ 30 സംസ്ഥാനതല മെഡലും 14 ദേശീയ മെഡലും നേടി. സി.ഐ.എസ്.എഫിൽ അസി. കമാൻഡന്റായും ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സർവീസിൽ (ഐ.ആർ.പി.എഫ്.എസ്) ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറായും ജോലി ചെയ്തു. ഐ.ആർ.പി.എഫ്.എസ് പരിശീലനത്തിന്റെ ബാച്ചിൽ മികച്ച ഇൻഡോർ,മികച്ച ഔട്ട്‌ഡോർ,മികച്ച ഓവറാൾ പ്രൊബേഷനർ എന്നീ പദവികൾ നേടി.കായികക്ഷമത എന്നും മനസിനും ശരീരത്തിനും കരുത്തായി.
പഠനം ജോലിക്കിടയിൽ
ജോലിക്കിടയിലായിരുന്നു പഠനം.തുടക്കത്തിൽ,ദിവസം 10-12 മണിക്കൂർ പഠിച്ചിരുന്നെങ്കിലും പിന്നീട് ജോലിത്തിരക്ക് കാരണം പഠനസമയം പകുതിയായി.ആറ് തവണ മെയിൻസിന് തിരഞ്ഞെടുക്കപ്പെട്ടു.നാല് തവണ അഭിമുഖത്തിന് ഹാജരായി.ഹൈദരാബാദിലും ലഖ്‌നൗവിലും മുംബയിലുമെല്ലാം ജോലി ചെയ്യുന്നതിനിടയിലും പഠനവഴിയിലായി.ഒടുവിൽ, 30-ാം വയസിൽ ഷെഹൻഷാ സ്വപ്നം സാക്ഷാത്കരിച്ചു. ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച മുത്തച്ഛനിൽ നിന്നാണ് ഷെഹൻഷായുടെ ഐ.പി.എസ് മോഹം മുളയ്ക്കുന്നത്. സർക്കാർ ജോലി ലഭിച്ചിട്ടും ഐ.പി.എസ് ഉദ്യോഗസ്ഥനാകാനായിരുന്നു മോഹം. ബിസിനസുകാരനായ ഷാജഹാന്റെയും റിട്ടയേർഡ് അദ്ധ്യാപികയായ റാബിയയുടെയും മകനാണ്.ഭാര്യ: ഡോ. അമീന ഷെരീഫ്. മകൻ: ഷെഹ്‌സാദ്. തിരുവനന്തപുരത്താണ് താമസം.
സ്‌പോർട്‌സ്‌മാൻ സ്പിരിറ്റ് പഠനത്തിൽ വളരെ പ്രധാനമാണ്. തുടർച്ചയായി പരിശ്രമിക്കുകയും വേണം.
- കെ.എസ്.ഷെഹൻഷാ,
റെയിൽവേ എസ്.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |