
തിരുവനന്തപുരം: ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയ്ക്കും മുൻ ഡി.ഐ.ജി വിനോദ്കുമാറിനുമെതിരായ വെളിപ്പെടുത്തലുകളെക്കുറിച്ച് സർക്കാർ അടിയന്തര അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ജയിൽപുള്ളികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്നതുൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇടതുസർക്കാരിന്റെ പത്തുവർഷക്കാലത്തെ ഭരണത്തിനിടയിൽ ജയിൽ വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയായി. അവിടെ വൻതോതിൽ അഴിമതിയും മറ്റു നിയമവിരുദ്ധപ്രവർത്തനങ്ങളും നടക്കുകയാണെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി മോദിയെ
സുഖിപ്പിക്കുന്നു:കെ.സി
കൊല്ലം: സോണിയ ഗാന്ധിയുടെ പേര് ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി വലിച്ചിഴയ്ക്കുന്നത് മോദിയെ സുഖിപ്പിക്കാനാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. മോദിയെ സുഖിപ്പിക്കലാണ് മുഖ്യമന്ത്രിയുടെ ശൈലി. അതിന്റെ ഭാഗമാണിത്. സോണിയ ഗാന്ധി പിണറായി വിജയനെ വിളിച്ച് പറഞ്ഞതുകൊണ്ടാണോ പോറ്റിക്ക് മോഷണത്തിനവസരം ഉണ്ടാക്കിക്കൊടുത്തത്? ദേവസ്വംബോർഡും കേരളവും ഭരിക്കുന്നത് സി.പി.എമ്മല്ലേ? ഇതിലേക്ക് സോണിയാ ഗാന്ധിയെ എന്തിനാണ് വലിച്ചിഴയ്ക്കുന്നത്? സ്വർണ്ണക്കൊള്ള ഹൈക്കോടതി നിരീക്ഷണത്തിൽ മുന്നോട്ട് പോകവേ, ഇത് പല മഹാൻമാരിലേക്കും എത്തുമെന്ന വേവലാതിയിലും വെപ്രാളത്തിലുമാണ് മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ. യഥാർത്ഥ പ്രതികളെ കണ്ടെത്താൻ ഹൈക്കോടതി ശ്രമിക്കുമ്പോൾ സർക്കാർ അസഹിഷ്ണുത കാണിക്കുന്നു. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ പൂർണമായി പുറത്തു കൊണ്ടുവരുന്നത് വരെ പോരാട്ടം നടത്തുമെന്നും പറഞ്ഞു.
സി.പി.എമ്മിന്
മൊഴിയിൽ ഭയം:
വി.ഡി. സതീശൻ
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കിടക്കുന്ന രണ്ട് സി.പി.എം നേതാക്കളെ പാർട്ടി സംരക്ഷിക്കുന്നത് കൂടുതൽ പേർക്കെതിരെ മൊഴിനൽകുമെന്ന ഭയംകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യഥാർത്ഥവിഷയം മറച്ചുവയ്ക്കാനാണ് സോണിയാഗാന്ധിക്കൊപ്പം പോറ്റിയുടെ ഫോട്ടോ ഉണ്ടെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചത്. സ്വർണക്കൊള്ള മറച്ചുപിടിക്കാൻ ഫോട്ടോയെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. പോറ്റിക്ക് മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാമെങ്കിൽ സോണിയാഗാന്ധിക്കൊപ്പം ഫോട്ടോ എടുത്തതിൽ എന്ത് തെറ്റാണുള്ളത്.
പണംവാങ്ങി പരോൾ നൽകിയതിന് സസ്പെൻഷനിലായ ജയിൽ ഡി.ഐ.ജി വിനോദ്കുമാറിനെതിരെയുള്ള പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിവച്ചു. മാഫിയസംഘമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത്. ഉന്നതരായ ഉദ്യോഗസ്ഥരാണ് പൊലീസിൽ എന്താണ് നടക്കുന്നതെന്ന് വെളിപ്പെടുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |