
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുകയെന്ന ആവശ്യവുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സമരം ആരംഭിച്ചത് ഒമ്പതിനാണ്. അതിനുമുൻപ് തന്നെ തൃശൂരിലെ എലൈറ്റ്, സൺ, മദർ, ദയ തുടങ്ങിയ ആശുപത്രികളും കിംസ് ഗ്രൂപ്പിലുള്ള ആശുപത്രികളും യു.എൻ.എയുടെ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. ആസ്റ്റർ ഗ്രൂപ്പ്,ബേബി മെമ്മോറിയൽ, ക്രിസ്ത്യൻ മാനേജ്മെന്റുകൾക്ക് കീഴിലുള്ള ചില ആശുപത്രികൾ എന്നിവരുമായാണ് ഇനി ധാരണയിലെത്താനുള്ളത്. സമരം നാലുദിവസം കഴിഞ്ഞിട്ടും ആവശ്യം അംഗീകരിക്കാത്ത ആശുപത്രികളുടെ മുറ്റത്തേക്ക് പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം
-------------------------------------------------------------------------------------------------------------------------------------------------------
നഴ്സുമാരുടെ ഏറ്റവും പ്രധാന ആവശ്യം അടിസ്ഥാന ശമ്പളം 40,000 ആക്കുകയെന്നതാണ്. ഇതിൽ നിന്ന് കടുകിട മാറാൻ അവരുടെ സംഘടന തയ്യാറല്ല. സർക്കാർ ഉത്തരവിറക്കാതെ ഉയർന്ന ശമ്പളം നൽകില്ലെന്നാണ് മാനേജ്മെന്റുകളുടെ വാദം. എന്നാൽ ഇരവരും തമ്മിലുള്ള ഒത്തുകളിക്കുകയാണെന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) പറയുന്നത്. ബി.എസ്.സി, ജി.എൻ.എം നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന് ആവശ്യപ്പെടുമ്പോൾ കരട് വിജ്ഞാപനത്തിലെ ശുപാർശ 25,450- 30,800 രൂപ മാത്രം. 2023ലെ ഇടക്കാലാശ്വാസത്തിനു ശേഷമുള്ള ശമ്പളം കരടിനേക്കാൾ കൂടുതലാണ്. ഇതെങ്ങനെ അംഗീകരിക്കുമെന്നാണ് യു.എൻ.എയുടെ ചോദ്യം. സംസ്ഥാനത്ത് ലേബർ ആൻഡ് സ്‌കിൽസ് വകുപ്പാണ് വേതന സേവന വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നതും നിർദ്ദേശങ്ങൾ പരിഗണിക്കുന്നതും.
'പൊളിറ്റിക്കലി മോട്ടിവേറ്റഡായി നടത്തുന്നതല്ല യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള സമരം. ഒരു രാഷ്ട്രീയ പാർട്ടിയും സമരത്തിനു പിന്നിലില്ല. സാധാരണക്കാരനു വിലയുള്ള ഏക സമയമാണിത്. അവന്റെ പ്രശ്‌നങ്ങൾ കേൾക്കാൻ അധികാരികളെത്തുന്ന വോട്ടുകാലം തന്നെ സമരത്തിന് ഉചിതം. " തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സമരം ചെയ്യുന്നുവെന്ന വിമർശനത്തോട് യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ പ്രതികരിച്ചു.
യു.എൻ.എ ഇടപെടൽ
2023ലായിരുന്നു നഴ്‌സുമാർക്ക് ഇടക്കാല ആശ്വാസം അനുവദിച്ചത്. ആറുമാസത്തിനകം ശമ്പളം പരിഷ്‌കരിക്കാമെന്ന ഉറപ്പിൽ കമ്മിറ്റി രൂപീകരിച്ചെങ്കിലും സർക്കാരിന്റെ കാലാവധി തീരുമ്പോഴും അവരുടെ പഠനം കഴിഞ്ഞിട്ടില്ലെന്നാണ് യു.എൻ.എയുടെ കുറ്റപ്പെടുത്തൽ. നേതാക്കൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതിനെത്തുടർന്ന് യു.എൻ.എയുടെ പ്രവർത്തനങ്ങൾ രണ്ടുവർഷത്തോളം പ്രതിസന്ധിയിലായി. ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവർക്ക് അനുകൂലമായി കോടതിവിധി വന്നതോടെയാണ് വീണ്ടും സമരരംഗത്തേക്കിറങ്ങിയത്.
2022 മുതൽ സംഘടന ശക്തമാക്കാനുള്ള ശ്രമം തുടങ്ങിയെന്നും ഇതേത്തുടർന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറായതെന്നും ജാസ്മിൻഷാ പറയുന്നു. അങ്ങനെയാണ് 2,800- 10,000 രൂപ വരെ ഇടക്കാലാശ്വാസം നൽകിയത്. നഴ്‌സുമാരുടെ മൈഗ്രേഷൻ മൂലം സംഘടനയുടെ ശക്തി ചിലയിടങ്ങളിൽ കുറഞ്ഞിട്ടുണ്ട്. അവിടെയെല്ലാം അലവൻസ് വെട്ടിക്കുറകയ്ക്കുകയാണ്. സംഘടിതമായി നിൽക്കാത്ത സ്ഥലങ്ങളിലെല്ലാം മാനേജ്‌മെന്റുകളുടെ ചൂഷണം കൂടിവരികയാണെന്നും ജാസ്മിൻ കേരളകൗമുദിയോട് പറഞ്ഞു.
മൂന്നിലൊന്ന് ജീവനക്കാരെ മാത്രം പങ്കെടുപ്പിച്ച് ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടുത്താതെയായിരുന്നു ഫെബ്രുവരി 21ന് തൃശൂരിൽ സൂചനാസമരം നടത്തിയത്. മാർച്ച് ഒമ്പത് മുതലാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. സമരം ചെയ്യാൻ താത്പര്യമില്ലെന്നും ധാരണയിലെത്തിയ ആശുപത്രികളിൽ നഴ്‌സുമാർ ജോലി ചെയ്യുന്നുണ്ടെന്നും യു.എൻ.എ ദേശീയ പ്രസിഡന്റ് വിശദീകരിച്ചു.
ആവശ്യം 1333 രൂപ ദിവസക്കൂലി
2013ലാണ് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 10,000 രൂപയാക്കിയത്. രണ്ട് ഷിഫ്ട് ഡ്യൂട്ടി സമ്പ്രദായം മൂന്ന് ഷിഫ്ടാക്കിയതും ഇക്കാലത്താണ്. 2016ൽ രൂപീകൃതമായ ബലരാമൻ കമ്മിറ്റിയുടെ 50 ശുപാർശകളിൽ 18 നിർദ്ദേശങ്ങൾ അന്നത്തെ തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ നടപ്പാക്കിയെങ്കിലും 32 നിർദ്ദേശങ്ങളും ഇപ്പോഴും നടപ്പായിട്ടില്ല. 2016ലെ ശമ്പള പരിഷ്‌കരണ സമരത്തെ അന്ന് പ്രതിപക്ഷത്തായിരുന്ന പിണറായി വിജയനും പിന്തുണച്ചിരുന്നു. പിന്നീട് 2018ൽ ലോംഗ് മാർച്ച് നടത്തിയപ്പോഴാണ് അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയത്. 40,000 രൂപ അടിസ്ഥാന ശമ്പളമെന്ന് പറയുമ്പോൾ ദിവസം 1333 രൂപ മാത്രമാണെന്ന് നഴ്സുമാർ പറയുന്നു.
ആവശ്യങ്ങൾ ഇനിയുമുണ്ട്...
സർക്കാർ നഴ്‌സുമാരുടേതിന് തുല്യമായി സ്വകാര്യ ആശുപത്രിയിലും ശമ്പളം നടപ്പാക്കണമെന്ന ജഗദീഷ് പ്രസാദ് കമ്മിറ്റിയുടെ ശുപാർശയും നഴ്‌സിംഗ് കോളേജുകളിലെ അദ്ധ്യാപകർക്ക് യു.ജി.സി സ്‌കെയിൽ പ്രകാരമുള്ള ശമ്പളം നൽകണമെന്ന കോടതിവിധിയും സർക്കാർ പ്രാവർത്തികമാക്കണമെന്നാണ് യു.എൻ.എ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |