തിരുവനന്തപുരം: ജവാൻ റമ്മിന്റെ ഉത്പാദനം ഇരട്ടിയാക്കാൻ രണ്ടു ലൈനുകൾ കൂടി സ്ഥാപിക്കുന്നതിനുവേണ്ടി നിറുത്തിവച്ച മദ്യ ഉത്പാദനം ഈ ആഴ്ച അവസാനത്തോടെ പുനരാരംഭിക്കും. ഏപ്രിൽ ഒന്നിനാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ഉത്പാദനം നിറുത്തിവച്ചത്. മേയ് ആദ്യവാരം പൂർണശേഷിയിലുള്ള ഉത്പാദനം തുടങ്ങും. ജവാൻ ഒരു ലിറ്റർ ബോട്ടിലുകൾ മാത്രമാവും പുറത്തിറക്കുക.
വെയർഹൗസുകളിലും ചില്ലറ വില്പന ഷോപ്പുകളിലും ഇപ്പോഴുള്ള സ്റ്റോക്ക് തീർന്നാൽ ജവാന് കുറച്ചു ദിവസം ക്ഷാമം നേരിട്ടേക്കാം. ഏപ്രിൽ 15ന് പുതിയ ലൈനുകൾ പ്രവർത്തനസജ്ജമാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ജോലികൾ ഉദ്ദേശിച്ച വേഗത്തിൽ തീർന്നില്ല. തുടർച്ചയായി വന്ന അവധികളും പഴയ ലൈനുകളെ ബന്ധിപ്പിക്കുന്ന സങ്കീർണ്ണ ജോലികളുമാണ് കാരണമായത്. നാലു ലൈനുകളിലായി (വെള്ളവും നിറവും രുചിയും ചേർത്ത് സ്പിരിറ്റ് മദ്യമാക്കി കുപ്പികളിൽ നിറയ്ക്കുന്ന സംവിധാനം) 8000 കെയ്സ് മദ്യമാണ് പ്രതിദിനം ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. ആധുനിക സാങ്കേതിക വിദ്യയിലുള്ള രണ്ട് ലൈനുകൾ കൂടി വരുമ്പോൾ ഉത്പാദനം 15,000 കെയ്സാവും. 71,000 ലിറ്റർ വീതം ശേഷിയുള്ള നാല് ടാങ്കുകൾ സ്ഥാപിച്ചു. എറണാകുളം ആസ്ഥാനമായുള്ള ആൽഫാ എൻജിനിയേഴ്സിനായിരുന്നു നിർമ്മാണച്ചുമതല. രണ്ടു ബോട്ട്ലിംഗ് ലൈനുകൾക്കും ബ്ളെൻഡിംഗ് യൂണിറ്റിനുമായി മൂന്നു കോടിയാണ് ചെലവ്.
പുതിയ ടാങ്കുകളുടെ ചോർച്ച പരിശോധനയ്ക്കുള്ള ഹൈഡ്രോ സ്റ്റാറ്റിക് ടെസ്റ്റ് നടത്തണം. തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് പരിശോധിച്ച് അളവ് തിട്ടപ്പെടുത്തി അംഗീകാരം നൽകണം. ഉത്പാദനം കൂട്ടാൻ വേണ്ടി എക്സൈസ് വകുപ്പിന്റെ അനുമതിക്ക് കത്തു നിൽകിയിട്ടുണ്ട്.
വിറ്റുവരവ് 110 കോടി
ജവാൻ ഒരു ലിറ്ററിന് 640 രൂപയാണ് വില. 750 രൂപ വില വരുന്ന ജവാൻ പ്രിമിയം ബ്രാന്റും വൈകാതെ വിപണിയിലെത്തും. 2022-23 ൽ 110 കോടിയായിരുന്നു വിറ്റുവരവ്. 10 കോടിയോളം ലാഭം കിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |