തിരുവനന്തപുരം: സ്വാതന്ത്യദിനം ആഘോഷിക്കാനുളള സദ്ബുദ്ധി സി.പി.എമ്മിന് തോന്നിയതിൽ സന്തോഷമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. കെ.പി.സി.സി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് പതിനഞ്ച് ആപത്ത് പതിനഞ്ച് എന്നതായിരുന്നു സി.പി.എം മുദ്രാവാക്യം. ഗാന്ധിജിയെ തള്ളിപ്പറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. അവർ ചെയ്തത് തെറ്റാണെന്ന് പറയാനുളള ആർജവം സി.പി.എം കാണിക്കണം. കോൺഗ്രസിന്റെ പൈതൃകം സി.പി.എം അംഗീകരിച്ചുവെന്നും കെ.സുധാകരൻ പറഞ്ഞു.
പ്രധാനമന്ത്രി ജനങ്ങൾക്കിടയിൽ വർഗീയതയുടെ തീ കോരിയിടുകയാണ്. വിഭജനത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നത് അതിന്റെ ഭാഗമായാണ്. പ്രധാനമന്ത്രിയുടെ മനസിൽ ഹിന്ദു വർഗീയതയാണെന്നും സുധാകരൻ പറഞ്ഞു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, നേതാക്കളായ വി.എസ്.ശിവകുമാർ, പാലോട് രവി, ടി.ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |