കൽപ്പറ്റ: ''മനുഷ്യരെ ഇങ്ങനെ ഒരിക്കലും കാണരുതേ..ചതഞ്ഞരഞ്ഞ്, രൂപമില്ലാതെ, ശരീരഭാഗങ്ങൾ മാത്രമായി... ഉരുൾ ദുരന്തത്തിന്റെ ഭീകരകാഴ്ചകൾ ഇടറിയ സ്വരത്തിൽ റവന്യൂ മന്ത്രി കെ.രാജൻ 'കേരളകൗമുദി'യോട് പങ്കുവച്ചു. മന്ത്രിസഭാ ഉപസമിതിയിലെ നാല് മന്ത്രിമാരുടെ ദുരന്തമുഖത്തെ ഊണും ഉറക്കവും ഇല്ലാത്ത പ്രവർത്തനങ്ങളറിയാൻ ചെന്നതായിരുന്നു.
'രാത്രി ഒരു മണിയൊക്കെയാവും ഒന്ന് മയങ്ങുമ്പോൾ. കിടന്നാലും ഉറക്കം വരില്ല. കണ്ണടച്ചാൽ ചോര മരവിപ്പിച്ച കാഴ്ചകൾ തെളിയും. തിരിഞ്ഞും മറിഞ്ഞും പുലരാൻ കാത്ത് കിടക്കും. ഉറക്കം മതിയാവാത്ത കണ്ണുകളുമായി രാവിലെ ഏഴ് മണിയോടെ വീണ്ടും ദുരന്തമുഖത്തേക്ക്...
മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനം മന്ത്രി എ.കെ.ശശീന്ദ്രൻ,പട്ടിക ജാതി -വർഗ്ഗ മന്ത്രി ഒ.ആർ.കേളു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
ഞങ്ങൾ ആരും ഉറങ്ങാറില്ല. രാവിലെ മാദ്ധ്യമങ്ങൾ കാത്തിരിക്കുന്നുണ്ടാകും. രാവിലെ തന്നെ ക്യാമ്പുകളിൽ പോകണം. ദൗത്യസേനയെയും സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കണം. നാനാ മേഖലകളിൽ നിന്ന് വിളികൾ. സൂചിപ്പാറയിലും മുണ്ടക്കൈയിലും പോകണം. മൃതദേഹങ്ങൾക്കായുളള തിരച്ചിൽ ഏകോപിപ്പിക്കണം. പ്രശ്നങ്ങളുമായി വരുന്നവരെ സമാധാനിപ്പിച്ച് പരിഹാരം കാണണം. പതിനാറ് ക്യാമ്പുകളിലെ ഉദ്യോഗസ്ഥരെ കാണണം. അവരുടെ പ്രശ്നങ്ങൾ കേട്ട് കാര്യങ്ങൾ നീക്കണം. പതിനെട്ട് സേനകളാണ് ദുരന്ത മുഖത്ത്. അവരെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കണം.വൈകിട്ട് അഞ്ചിന് അവലോകന യോഗം. സന്ധ്യക്ക് ഏഴിന് കോ ഓർഡിനേഷൻ കമ്മിറ്റി. പിന്നെ കൂട്ട ശവസംസ്ക്കാരം. ഒരു ഉദ്യോഗസ്ഥൻ മൃതദേഹത്തെ അനുഗമിക്കണം. കഴിഞ്ഞ ദിവസം ശവസംസ്ക്കാരം എട്ടര മണിക്കൂർ നീണ്ടു. പത്ത് ആംബുലൻസുകൾക്കാണ് ശ്‌മശാന പരിസരത്തേക്ക് പ്രവേശനം.
നാല് മന്ത്രിമാരും കൂട്ടായി തീരുമാനിച്ചാണ് എല്ലാം ചെയ്യുന്നത്. ചിലപ്പോൾ ജോലികൾ വീതം വയ്‌ക്കും.ചിലപ്പോൾ രണ്ട് പേർ ക്യാമ്പിന്റെ ചുമതലയിൽ നിൽക്കും. രണ്ട് പേർ കൺട്രോൾ റൂമിലും. വലിയ പ്രശ്നം ചൂരൽമലയിൽ നിന്ന് കൽപ്പറ്റയിലെ കളക്‌ടറേറ്റിൽ എത്തുകയാണ്. ഫോൺ റെയിഞ്ച് കുറവായതിനാലും അതിപ്രധാന കാര്യങ്ങൾ നീക്കാനും കളക്ടറേറ്റിൽ ചെന്നെ പറ്റൂ. അതിനിടയ്ക്ക് സുപ്രധാന തീരുമാനങ്ങൾ എടുക്കണം. കളക്‌ടർ ഡി.ആർ. മേഘശ്രീ ചുമതലയേറ്റ് ഒരു മാസമേ ആയിട്ടുളളൂ. എങ്കിലും വയനാട്ടിൽ സുപരിചതയെ പോലെയാണ് സേവനം.നിരവധി ഐ.എ.എസ് ഉദ്യോഗസ്ഥർ ദുരന്തമുഖത്ത് ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |