തൃശൂർ: വയനാട് ദുരന്തബാധിതർക്കുള്ള വീടിന്റെ തുക 20 ലക്ഷം രൂപയായി കുറച്ചതല്ലെന്നും സ്‌പോൺസർമാർ നൽകേണ്ട തുക അത്രയായി നിശ്ചയിച്ചതാണെന്നും റവന്യൂമന്ത്രി കെ.രാജൻ. 30 ലക്ഷം ചെലവ് വരുന്ന ആയിരം ചതുരശ്ര അടിയുടെ വീടാണ് നിർമ്മിക്കുക.
സാമഗ്രികൾ സമാഹരിച്ചും അധികം തുക സർക്കാർ നൽകിയുമാണ് വീട് നിർമ്മിക്കുക. സ്‌പോൺസർമാർ ആശങ്കപ്പെട്ടതിനാൽ അവർ നൽകേണ്ട തുക കുറയ്ക്കുകയായിരുന്നു. നിർമ്മാണവും ഗുണമേന്മയും പരിശോധിക്കാനുള്ള അവകാശം സ്‌പോൺസർമാർക്കുണ്ടാകും. രണ്ടാം നില നിർമ്മിക്കാവുന്ന വിധം അടിത്തറയിട്ടാകും നിർമ്മാണം.
സുനാമിക്കാലത്ത് ആയിരക്കണക്കിന് വീടുകൾ നിർമ്മിച്ചെങ്കിലും ഭൂരിഭാഗവും തകർന്നു. അങ്ങനെ സംഭവിക്കാതിരിക്കണം. വയനാട് പുനരധിവാസത്തിന് എത്ര വീടുകൾ വേണമെന്ന് പറയാറായിട്ടില്ല. 2 എ, 2 ബി ലിസ്റ്റുകൾ വന്നാലേ കൃത്യമാകൂ. ആദ്യഘട്ടത്തിൽ 242 വീട് നിശ്ചയിച്ചിട്ടുണ്ട്. 2 എ ലിസ്റ്റിന്റെ കരടിൽ 81 വീടുണ്ട്. ഇതിൽ പരാതി കേട്ടശേഷമേ അന്തിമമാക്കൂ. ഇതിനുശേഷമാകും 2 ബി ലിസ്റ്റ് പുറത്തിറങ്ങുക. ഒരുമിച്ചാകും പുനരധിവാസം.
വീട് നൽകാനുള്ള ലിസ്റ്റ് തയ്യാറാക്കുന്നത് ഡി.ഡി.എം.എയാണ്. സർക്കാരല്ല. കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരുൾപ്പെട്ട ഡി.ഡി.എം.എയ്ക്ക് സ്റ്റാട്ട്യൂട്ടറി അധികാരമുണ്ട്. ലിസ്റ്റിൽ അപാകതയുണ്ടെങ്കിൽ ഇടപെടുകയാണ് സർക്കാരിന്റെ ചുമതല.
ഒക്ടോബർ നാലിന് രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും ഉടമകൾ കോടതിയെ സമീപിച്ചതിനാൽ ഡിസംബർ 27 വരെ ഭൂമിയിൽ പരിശോധന പോലും നടത്താനായില്ല. ജോൺ മത്തായി കണ്ടെത്തിയ `നോ ഗോ' സോണിലെ വീടുകൾ പൊളിച്ചുനീക്കും. അവിടെ വീട് വയ്ക്കാൻ സമ്മതിക്കില്ല. ആ സ്ഥലം ഉടമകൾക്ക് കൃഷിക്കും മറ്റുമായി ഉപയോഗിക്കാം. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ദേശസാൽകൃത ബാങ്കുകൾക്ക് നിർദ്ദേശം നൽകിയാൽ നടപ്പാക്കാവുന്നതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഇതിനായി 770 അപേക്ഷകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |