കൊച്ചി: കലോത്സവ മാനുവൽ ലംഘിച്ചതിനാലാണ് കാസർകോട് കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ കലോത്സവത്തിൽ അവതരിപ്പിച്ച മൂകാഭിനയം തടഞ്ഞതെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. വിഷയത്തിന്റെ പേരിൽ തടഞ്ഞെന്ന പ്രചാരണം വസ്തുതാവിരുദ്ധവും അപലപനീയവുമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായ പെരുമാറ്റമാണ് അധികൃതർ തടഞ്ഞത്. അനുമതിയുള്ളതിൽ കൂടുതൽപേർ വേദിയിലെത്തുകയും ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്തു. സദസിൽ നിന്ന് പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി കൂടുതൽപ്പേർ സ്റ്റേജിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോഴാണ് കർട്ടൻ താഴ്‌ത്തിയത്. ചേരിതിരിഞ്ഞ് കൈയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോഴാണ് കലോത്സവം നിർത്തിവച്ചതെന്നും അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എം. ജോർജ് വാർത്താക്കുറിപ്പിൽ പറഞ്ഞു. സർക്കാർ നിർദ്ദേശങ്ങൾ നടപ്പാക്കിയ സ്‌കൂൾ അധികൃതർക്കെതിരെ ഗുരുതരവും വാസ്തവവിരുദ്ധവുമായ ആരോപണങ്ങളാണ് പ്രചരിക്കുന്നത്. അദ്ധ്യാപകരെ ബലിയാടാക്കുന്നത് അംഗീകരിക്കില്ല. പൊതുവിദ്യാലയങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സംഘർഷം സൃഷ്‌ടിക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം. യാഥാർത്ഥ്യങ്ങൾ മറച്ചുവച്ച് രാഷ്ട്രീയ, വർഗീയനിറം കലർത്തി വിദ്യാലയ അന്തരീക്ഷം കലുഷിതമാക്കാതിരിക്കാൻ ജാഗ്രത കാണിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |