കണ്ണൂർ: എ ഐ ക്യാമറ ചിത്രം പകർത്തിയതിന് പിന്നാലെ വന്ന ചലാൻ നോട്ടീസിൽ വാഹനത്തിൽ ഇല്ലാതിരുന്ന സ്ത്രീയുടെ രൂപം. ചെറുവത്തൂർ കൈതക്കാട് സ്വദേശിയായ ആദിത്യനാണ് സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് പിഴ ലഭിച്ചത്. പയ്യന്നൂരിൽ സ്ഥാപിച്ച ക്യാമറയിലാണ് ചിത്രം പതിഞ്ഞത്. നോട്ടീസിലുള്ള ചിത്രത്തിൽ കാറിന്റെ പിൻസീറ്റിൽ മറ്റൊരു സ്‌ത്രീയുടെ രൂപവും കാണാം. എന്നാൽ അങ്ങനെയൊരാൾ കാറിൽ ഇല്ലായിരുന്നുവെന്നാണ് ആദിത്യനും കുടുംബവും പറയുന്നത്.
ചലാനിൽ വാഹനത്തിൽ ഇല്ലാതിരുന്ന ആളുടെ രൂപം പതിഞ്ഞത് മോട്ടോർ വാഹനവകുപ്പിനെയും ആശയക്കുഴപ്പത്തിലാക്കുകയാണ്. ചെറുവത്തൂരിൽ നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രാമദ്ധ്യേ കേളോത്തുവച്ചാണ് എ ഐ ക്യാമറയുടെ പിടിവീഴുന്നത്. കാറിലുണ്ടായിരുന്ന ആദിത്യനും മാതാസഹോദരിയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. കാറിന്റെ പിൻസീറ്റിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഇവരെ ചലാനിലെ ചിത്രത്തിൽ കാണാനില്ല. പിൻസീറ്റിലായി മറ്റൊരു സ്‌ത്രീ ഇരിക്കുന്നത് കാണാം. എന്നാൽ അങ്ങനെയൊരാൾ കാറിൽ ഉണ്ടായിരുന്നില്ല.
മുൻസീറ്റിൽ ഇരുന്ന സ്ത്രീയുടെ പ്രതിബിംബമാകാം ഇതെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിഗമനം. അതല്ലെങ്കിൽ എ ഐ ക്യാമറ തന്നെ പകർത്തിയ മറ്റൊരു വാഹനത്തിലെ സ്ത്രീയുടെ രൂപം സാങ്കേതിക പിഴവുകൊണ്ട് ആദിത്യന് ലഭിച്ച ചലാനിൽ പതിഞ്ഞതാകാമെന്നും സംശയമുണ്ട്. ഇതുസംബന്ധിച്ച് കെൽട്രോണിനോട് ആരാഞ്ഞിരിക്കുകയാണ് വകുപ്പ്.
ചലാനിലെ വാഹനത്തിൽ ഇല്ലാതിരുന്ന സ്ത്രീ രൂപത്തെക്കുറിച്ച് പലവിധ ചർച്ചകളും വ്യാപകമാണ്. ചിത്രത്തിൽ പതിഞ്ഞത് പ്രേതത്തിന്റെ രൂപമാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്. അടുത്തിടെ പ്രദേശത്ത് മരിച്ച ഒരു സ്ത്രീയുടെ രൂപമാണിതെന്ന തരത്തിൽ ഒരു വ്യാജ ഓഡിയോയും പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |