തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്പ്) 250 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ ചികിത്സ . സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് നടത്തിപ്പ് ചുമതല. 1050 രുപയാണ് ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയം. 18.02 ലക്ഷം കുടുംബത്തിന്റെ പ്രീമിയം പൂർണമായും , 23.97 ലക്ഷം കുടുംബത്തിന്റെ പ്രീമിയത്തിൽ 418.80 രൂപയും സംസ്ഥാനം വഹിക്കുന്നു. പ്രീമിയത്തിന്റെ ബാക്കിയാണ് കേന്ദ്ര വിഹിതം.
കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായ പരിധിയോ നോക്കാതെയാണ് പദ്ധതിയിൽ അംഗത്വം . ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ , ഒരു വ്യക്തിക്കു മാത്രമായോ സഹായം ലഭിക്കും. ഇതിന് മുൻഗണനാ മാനദണ്ഡങ്ങളില്ല. അംഗത്വത്തിന് ഫീസുമില്ല. സേവനം പൂർണമായും സൗജന്യം.197 സർക്കാർ ആശുപത്രികളി ലും, നാല് കേന്ദ്ര സർക്കാർ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലും നിലവിൽ പദ്ധതിയുടെ സേവനം ലഭ്യമാണ്.
25 സ്‌പെഷ്യാലിറ്റികളിലായി 1667 പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ വിഭാവനം ചെയ്ത 89 പാക്കേജുകളിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. പാക്കേജുകളിൽ ഉൾപ്പെടുത്താത്ത ചികിത്സകൾക്കായി അൺസ്‌പെസിഫൈഡ് പാക്കേജുകൾ ഉപയോഗിക്കാം. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിനു മൂന്നു ദിവസം മുൻപ് മുതലുള്ള ചികിത്സാ സംബന്ധമായ ചെലവും ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും നൽകും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |