തിരുവനന്തപുരം: ബിരുദം യോഗ്യതയായുള്ള ഡെപ്യൂട്ടി കളക്ടർ തസ്തികയിലേക്കുള്ള പി.എസ്.സി വിജ്ഞാപനം നിലച്ചിട്ട് വർഷങ്ങളായി. കെ.എ.എസ് ന്റെ വരവോടെയാണ് ഡെപ്യൂട്ടി കളക്ടർ വിജ്ഞാപനം നിലച്ചത്. എന്നാൽ കെ.എ.എസും ഒറ്റ വിജ്ഞാപനത്തിലൂടെ നിലച്ചു. ഫലത്തിൽ, കെ.എ.എസിന്റെ വിജ്ഞാപനവും നിയമനവും പുനരാരംഭിച്ചാലേ ഡെപ്യൂട്ടി കളക്ടർ ഒഴിവുകൾ നികത്താനാകൂ. ഡെപ്യൂട്ടി കളക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
അഞ്ചോ ആറോ വർഷം കൂടുമ്പോൾ വിജ്ഞാപനം ക്ഷണിച്ച് മൂന്ന് ഘട്ട പരീക്ഷ നടത്തിയാണ് ഡെപ്യൂട്ടി കളക്ടർ നിയമനം നടത്തിയിരുന്നത്. ഈ തസ്തികയടക്കം കെ.എ.എസിൽ ഉൾപ്പെടുത്തിയതോടെ വിജ്ഞാപനവും നിയമനവും ഇല്ലാതായി. ആദ്യ വിജ്ഞാപനത്തിലൂടെ 104 പേർക്ക് കെ.എ.എസിൽ നിന്നും നിയമനം നൽകിയിരുന്നു. രണ്ടാമത്തെ വിജ്ഞാപനം ഇതുവരെ ആയിട്ടില്ല.
ഭൂനികുതി വകുപ്പിലെ ഡെപ്യൂട്ടി കളക്ടർക്ക് പുറമേ സെക്രട്ടേറിയറ്റിലെ അഡ്‌മിനിസ്ട്രേഷൻ, ഫിനാൻസ് എന്നിവ ഉൾപ്പെടെ 29 വകുപ്പുകളും മറ്റ് വകുപ്പുകളിലെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ. സൂപ്രണ്ട് തുടങ്ങിയ സമാന തസ്തികകളുമാണ് കെ.എ.എസിൽ ഉൾപ്പെടുത്തിയത്.
ഡെപ്യൂട്ടി കളക്ടർ:
അവസാന റാങ്ക് പട്ടിക 2014 ൽ
ഡെപ്യൂട്ടി കളക്ടർ നിയമനത്തിനുള്ള അവസാന വിജ്ഞാപത്തിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത് 2014 ജനുവരി 17-നാണ്. ഇതിൽ നിന്ന് 19 പേർക്ക് നിയമനശുപാർശ അയച്ചിരുന്നു.
ഡെപ്യൂട്ടി കളക്ടർ ഗസറ്റഡ് തസ്തികയാണ്. തഹസിൽദാറും കളക്ടറും തമ്മിലുള്ള കണ്ണിയായാണ് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |