
തിരുവനന്തപുരം :കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ജൂനിയർ ടൈം സ്കെയിൽ ട്രെയിനി തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു.സ്ട്രീം ഒന്നിൽ തിരുവനന്തപുരം കിളിമാനൂർ സ്വദേശി ദേവനാരായണൻ എ.എസ് ഒന്നാം റാങ്കും തിരുവനന്തപുരം പട്ടം സ്വദേശി സിദ്ധാർഥ് എം.ജോയ് രണ്ടാം റാങ്കും കോട്ടയം ചേർപ്പുങ്കൽ സ്വദേശി ആൽബർട്ട് എബ്രഹാം മൂന്നാം റാങ്കും നേടി.
സ്ട്രീം 2ൽ തൃശൂർ സ്വദേശി സവിത സി.എസ് ഒന്നാം റാങ്കും എറണാകുളം കിടങ്ങൂർ സ്വദേശി ജോർജ്കുട്ടി ജേക്കബ് രണ്ടാം റാങ്കും തൃശൂർ ഇരിങ്ങാലക്കുട സ്വദേശി അഫീന ഗുലം മൂന്നാം റാങ്കും നേടി. സ്ട്രീം 3ൽ പത്തനംതിട്ട കോന്നി സ്വദേശി രജീഷ് ആർ.നാഥ് ഒന്നാം റാങ്കും എറണാകുളം സ്വദേശി അജ്മൽ സി. മൊയ്തീൻ രണ്ടാം റാങ്കും തിരുവനന്തപുരം വലിയവിള സ്വദേശി ജോസ് തോമസ് മൂന്നാം റാങ്കും കരസ്ഥമാക്കി.
സ്ട്രീം ഒന്നിലെ മുഖ്യപട്ടികയിൽ 22 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 59 പേരും ഭിന്നശേഷി വിഭാഗത്തിൽ 19പേരും ഉൾപ്പടെ 100 പേരും സ്‌ട്രീം 2 ലെ മുഖ്യപട്ടികയിൽ 19 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 56 പേരും ഭിന്നശേഷി വിഭാഗത്തിൽ 15 പേരും അടക്കം 90 പേരും സ്‌ട്രീം 3 ലെ മുഖ്യപട്ടികയിൽ 20 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 44 പേരും ഭിന്നശേഷി വിഭാഗത്തിൽ 7 പേരും അടക്കം 71 പേരും ഉൾപ്പെട്ടു.വിശദമായ റാങ്ക് പട്ടിക പി.എസ്.സി വൈബ്സൈറ്റിൽ.2025 മാർച്ച് 7 ന് കാറ്റഗറി നമ്പർ 001/2025 (സ്ട്രീം-1), 002/2025 (സ്ട്രീം-2), 003/2025 (സ്ട്രീം-3) പ്രകാരം വിജ്ഞാപനം ചെയ്ത തസ്തികകളുടെ അന്തിമ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഒരു മാസത്തിനകം അഡ്വൈസ് അയക്കാനാണ് പി.എസ്.സി ആലോചിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |