SignIn
Kerala Kaumudi Online
Monday, 11 May 2026 8.04 AM IST

തീ ഉയർന്നത് തെങ്ങിന്റെ ഉയരത്തോളം, പ്രകമ്പനമുണ്ടായത് കിലോമീ‌റ്ററുകൾ അകലെ വരെ, മേൽക്കൂരകൾ ഇളകിത്തെറിച്ചു

Increase Font Size Decrease Font Size Print Page
blast-effect

തൃശൂർ: കുണ്ടുകുളം യോഹന്നാൻ ശ്ലീഹാ പള്ളിയിലെ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തി വിശ്രമിക്കുകയായിരുന്ന പലരും വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ വൻസ്ഫോടനത്തിന്റെ പ്രകമ്പനം കേട്ട് ഞെട്ടിയുണർന്നു. കിലോമീറ്ററുകൾക്കപ്പുറത്തും പ്രകമ്പനമുണ്ടായി. വെടിക്കെട്ട് നിർമ്മാണ ശാലയ്ക്ക് ഇരുവശവുമുള്ള ജനവാസ പ്രദേശങ്ങളായ കോരൻകുളത്തും കുണ്ടുപറമ്പിലുമായി 70 ഓളം വീടുകൾക്ക് നാശം സംഭവിച്ചു. മിക്ക വീടുകളുടെയും ജനലും വാതിലും തകർന്നു. ഓടുമേഞ്ഞ വീടുകളുടെ മേൽക്കൂരകൾ ഇളകിത്തെറിച്ചു.

വടക്കാഞ്ചേരി മുണ്ടത്തിക്കോട് 41ാം ഡിവിഷനിലെ പാടശേഖരത്തിന് നടുവിലെ രണ്ടരയേക്കർ പറമ്പിലാണ് വെടിക്കെട്ട് പുര പ്രവർത്തിച്ചിരുന്നത്. വേലൂർ, അവണൂർ, മുണ്ടത്തിക്കോട് പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. 300-400 മീറ്റർ അകലെയാണ് റോഡ്. മതിലും പാടത്തിന്റെ വരമ്പും പൊളിച്ചാണ് രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കിയത്. ഇവിടെ കാൽനൂറ്റാണ്ടായി വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണം നടക്കുന്നുണ്ട്.

വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ തെങ്ങിന്റെ ഉയരത്തോളം തീ ഉയർന്നു. ഒന്നരയേക്കറോളം സ്ഥലത്തേക്ക് തീ വ്യാപിച്ചു. മരങ്ങൾ ഉൾപ്പെടെ കത്തിനശിച്ചു. തുടർ സ്‌ഫോടനങ്ങൾ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. വെള്ളം ചീറ്റിയും മറ്റും തീകെടുത്തി വെടിക്കെട്ട് പുരയ്ക്ക് സമീപമെത്തിയത് ഏഴോടെയായിരുന്നു.

എത്ര തൊഴിലാളികൾ?
തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള സാമഗ്രികൾ ഒരുക്കാൻ 40ഓളം തൊഴിലാളികൾ വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നെന്നാണ് സൂചന. ഇന്നലെ ഉച്ചയ്ക്ക് 40 പേർക്കുള്ള ഭക്ഷണം അവിടേക്ക് കൊണ്ടുപോയെന്ന് ഭക്ഷണം വിതരണം ചെയ്ത ഹോട്ടൽ ഉടമ പറയുന്നു. എന്നാൽ, സംഭവസമയം, 35പേരെ ഉണ്ടായിരുന്നുള്ളൂവെന്നാണ് വെടിക്കെട്ട് കരാറെടുത്ത സതീശൻ പറയുന്നത്. അഞ്ചുപേർ വെള്ളം കുടിക്കാനും മറ്റുമായി പുറത്ത് പോയിരുന്നെന്നും വ്യക്തമാക്കി.

TAGS: THRISSUR, BLAST, EFFECTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA