കാസർകോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുകയും, കല്ല്യോട്ടെ രക്തസാക്ഷി കുടുംബങ്ങളെ അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ നാല് പ്രമുഖ നേതാക്കളെ കോൺഗ്രസ് നേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കി.
കെ.പി.സി.സി മെമ്പർ ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് കെ.സുധാകരൻ എം.പി പുറത്താക്കിയതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. പ്രതിയുമായി സൽക്കാരത്തിൽ പങ്കെടുത്തതും,സൽക്കാരം നടത്താൻ സഹായം ചെയ്തുകൊടുത്ത ശേഷം പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിക്കാൻ ശ്രമിച്ചതും ഗൗരവമായ പരാതിയാണെന്ന് അന്വേഷത്തിൽ ബോദ്ധ്യപ്പെട്ടുവെന്ന് പുറത്താക്കൽ ഉത്തരവിൽ പറയുന്നു. നിയുക്ത എം.പി രാജ്മോഹൻ ഉണ്ണിത്താനെ സോഷ്യൽ മീഡിയയിലൂടെ ബാലകൃഷ്ണൻ പെരിയ അപകീർത്തിപ്പെടുത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു.
കെ.പി.സി.സി നിയോഗിച്ച ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ്, രാഷ്ട്രീയകാര്യസമിതി അംഗം എൻ. സുബ്രഹ്‌മണ്യൻ എന്നിവർ കഴിഞ്ഞ മാസം അവസാനം കാസർകോട് ഡി.സി.സി ഓഫീസിലെത്തി തെളിവെടുപ്പ് നടത്തി. ഇവർ നൽകിയ റിപ്പോർട്ടിലാണ് നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണം. ബാലകൃഷ്ണൻ പെരിയ അടക്കമുള്ളവർക്കെതിരെ നടപടി എടുക്കണമെന്ന നിലപാടിൽ രാജ്മോഹൻ ഉണ്ണിത്താനും ഉറച്ചുനിന്നു. ഉണ്ണിത്താനെതിരെ ബാലകൃഷ്ണൻ പെരിയ നൽകിയ പരാതികൾ അന്വേഷണക്കമ്മിഷൻ പരിഗണിച്ചതുമില്ല.
നടപടിക്ക് പിന്നിൽ
ഗൂഢാലോചനയെന്ന്
ബാലകൃഷ്ണൻ പെരിയ
കാസർകോട്: പെരിയയിലെ രക്തസാക്ഷി കുടുംബങ്ങളുമായി പുലബന്ധമില്ലാതെ ഉണ്ണിത്താൻ അന്വേഷണ സമിതിയെയും ഡി.സി.സി പ്രസിഡന്റിനെയും സ്വാധീനിച്ച് തങ്ങളെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്ന് അച്ചടക്ക നടപടിക്ക് വിധേയനായ കെ.പി.സി.സി അംഗം ബാലകൃഷ്ണൻ പെരിയ. ഉണ്ണിത്താനെതിരെയുള്ള യുദ്ധം തുടങ്ങുകയാണെന്നും ഉദുമ നിയോജകമണ്ഡലത്തിൽ കഴിഞ്ഞ തവണ സ്ഥാനാർത്ഥിയുമായിരുന്ന അദ്ദേഹം തുറന്നടിച്ചു.
ഉണ്ണിത്താനെ പേടിച്ചാണ് കെ.സുധാകരൻ ഈ നടപടി എടുത്തത്. മുല്ലപ്പള്ളിയെയും വി.എം.സുധീരനെയും ഒറ്റപ്പെടുത്തിയത് പോലെ പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പണിയെടുക്കുന്നവരെ ഒറ്റപ്പെടുത്താൻ കെ. സുധാകരനുണ്ടായ ചേതോവികാരം എന്താണെന്ന് അന്വേഷിക്കണം. 'വാ പോയ കോടാലി'ക്ക് വേണ്ടിയാണ് ഈ നടപടി-
അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |