തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് മേയർ എം.കെ. വർഗീസ്. തന്റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വേറെയാണെന്ന് മേയർ 'കേരള കൗമുദിയോട്' പറഞ്ഞു. കഴിഞ്ഞദിവസം തൃശൂരിൽ നടന്ന ചടങ്ങിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ മേയർ എം.കെ. വർഗീസ് പുകഴ്ത്തിയത് ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മേയർ നിലപാട് വ്യക്തമാക്കിയത്.
താൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാർത്ത തെറ്റാണ്. ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്നു. സി.പി.എമ്മുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. കോർപറേഷന്റെ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി എത്തിയാൽ പോകാൻ താൻ ബാദ്ധ്യസ്ഥനാണ്. തൃശൂരിന് പുരോഗതി ആവശ്യമല്ലേ. പുരോഗതിക്ക് സുരേഷ് ഗോപി പദ്ധതി തയ്യാറാക്കുന്നത് നല്ല കാര്യമാണ്. അദ്ദേഹത്തോട് സംസാരിക്കാൻ പാടില്ലെന്ന് പറയാൻ പറ്റുമോയെന്നും വർഗീസ് ചോദിച്ചു. ഇതിനിടെ മേയറുടെ നിരന്തരമായുള്ള സുരേഷ് ഗോപി അനുകൂല പരാമർശത്തിൽ സി.പി.എമ്മിലും അതൃപ്തി പ്രകടനമുണ്ട്. സി.പി.ഐ പരസ്യമായി എതിർപ്പ് ഉയർത്തിയെങ്കിലും തങ്ങളുടെ നോമിനിയായ മേയറെ തള്ളിപ്പറയാൻ സാധിക്കാത്ത സ്ഥിതിയിലാണ് സി.പി.എം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |