കർശന അച്ചടക്ക നടപടിക്ക് നീക്കം
എം.വി.ഗോവിന്ദൻ ഇന്ന് ജില്ലയിൽ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് മാർച്ചിൽ കൊല്ലം വേദിയാകാനിരിക്കെ,കരുനാഗപ്പള്ളിയിൽ സംസ്ഥാന നേതാക്കളെ മുറിയിൽ പൂട്ടിയിട്ടുള്ള തമ്മിലടിയും,നേതൃത്വത്തെ ചോദ്യം ചെയ്ത് നടത്തിയ പ്രകടനവും സി.പി.എമ്മിന് വെല്ലുവിളിയായി. പാർട്ടിയിൽ നില നിന്ന വിഭാഗീയതയുടെ വേരറുത്തതിൽ ആശ്വാസം കൊണ്ടിരുന്ന നേതൃത്വം,പ്രാദേശിക തലങ്ങളിലെ ചേരിപ്പോരുകളും,കുതികാൽ വെട്ടും തെരുവിലേക്ക് നീങ്ങുന്നതും പാർട്ടി ഉത്ക്കണ്ഠയോടെയാണ് കാണുന്നത്. ഒരു വർഷം പിന്നിടുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പും,ഒന്നര വർഷത്തിനകം നിയമസഭാ തിരഞ്ഞെടുപ്പും നേരിടാനിരിക്കെ ലോക്കൽ,ഏരിയാ സമ്മേളനങ്ങൾ സംഘർഷത്തിലും കൈയാങ്കളിയിലും എത്തിച്ചേരുന്നത് പാർട്ടിയുടെ മുഖമാണ് വികൃതമാക്കുന്നത്.
ഡിസംബറിൽ ആരംഭിക്കുന്ന ജില്ലാ സമ്മേളനങ്ങൾക്ക് മുമ്പ് ഇത്തരം നീക്കങ്ങൾക്ക് അറുതി വരുത്താനും,പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർബന്ധിതമായിരിക്കുകയാണ് സംസ്ഥാന നേത്വത്വം. പാർട്ടിയിൽ തെറ്റായ പ്രവണതകൾ തുടരുന്നവർ ആരായാലും ശക്തമായ നടപടി
നേരിടേണ്ടി വരുമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മുന്നറിയിപ്പ്. കുലശേഖരപുരം നോർത്ത് ഏരിയാ സമ്മേളനത്തിനിടെ വ്യാഴാഴ്ച രാത്രി മൂന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളെ മുറിയിൽ പൂട്ടിയിട്ടവരുടെയും,കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തിയവരുടെയും ലിസ്റ്റ് നേതൃത്വം ശേഖരിച്ചിട്ടുണ്ട്. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ്,ഏരിയാ കമ്മിറ്റി യോഗങ്ങൾ ചേരുന്നുണ്ട്.
തിരുത്തൽ
വഴിപാടായി
പാർട്ടി നേതാക്കളിലും അണികളിലും വർദ്ധിച്ചു വരുന്ന അഴിമതിക്കും,ആർഭാട ജീവിതവും,ധാർഷ്ട്യത്തിനും അറുതി വരുത്തണമെന്ന ആവശ്യം കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും,പാർട്ടി കോൺഗ്രസിലും ഉയർന്നിരുന്നു. എന്നാൽ,തുടർ ഭരണം സമ്മാനിച്ച പദവികളിലും,ശീതള ഛായയിലും അഭിരമിക്കുകയാണ് പ്രാദേശിക നേതാക്കൾ വരെയെന്ന വിമർശനം അണികളിൽ ശക്തമാണ്. സാധാരണ ജനങ്ങളിൽ നിന്ന്
അകലുന്ന ഇത്തരം സമീപനങ്ങളാണ് ആറ് മാസം മുമ്പ് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ
പാർട്ടിയുടെ അടിത്തറ ഇളക്കിയതെന്നായിരുന്നു തുടർന്ന് ചേർന്ന സംസ്ഥാന,കേന്ദ്ര
കമ്മിറ്റി യോഗങ്ങളിലെ വിലയിരുത്തൽ.പാർട്ടിയിലെയും,സർക്കാരിലെയും തെറ്റുകൾ
തിരുത്തുമെന്നാണ് അന്ന് ഗോവിന്ദൻ പറഞ്ഞത്. അതെല്ലാം വഴിപാടായി.ഇപ്പോൾ ക്ഷേമ പെൻഷൻ
അനർഹർ കൈയ്യിട്ടുവാരിയതും പാർട്ടിക്കും സർക്കാരിനും നാണക്കേട് വരുത്തിയിട്ടുമുണ്ട്.
ക്രിമിനലുകൾക്കും
ഒത്താശയെന്നാക്ഷേപം
പാർട്ടിയിലെ ക്രിമിനൽവത്കരണത്തിനും,ലഹരി കടത്തിനും പ്രാദേശിക നേതൃത്വങ്ങളിലെ ഒരു വിഭാഗത്തിന്റെ ഒത്താശ ലഭിക്കുന്നുവെന്നാണ് ആക്ഷേപം. ബി.ജെ.പിക്കാരനായിരുന്ന കാപ്പ കേസ് പ്രതിയെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും,മന്ത്രിയും ഉൾപ്പെടെ ഈയിടെ മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു.അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായി എട്ട് മാസം മുമ്പ് നാട് കടത്തപ്പെട്ട യുവാവ് കഴിഞ്ഞ ദിവസം സമാപിച്ച ആലപ്പുഴ ജില്ലയിലെ ചാരുംമൂട് ഏരിയാ സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്ത വിവരവും പുറത്ത് വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |