തിരുവനന്തപുരം : സംസ്ഥാനത്തെ ചെറുതു മുതൽ ആഡംബര വീടുകൾ വരെ എല്ലാത്തിനും ഇനി ഒരു പോലെയുള്ള നമ്പർ പ്ലേറ്റ്. സ്വർണ നിറത്തിൽ ആകർഷകമായ രീതിയിൽ നമ്പർ പ്ളേറ്റ് തയ്യാറാക്കാനാണ് ആലോചന. തദ്ദേശ വാർഡ് വിഭജനത്തിന്റെ ഭാഗമായി കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്ന സാഹചര്യത്തിലാണ് ഏകീകൃത നമ്പർ പ്ലേറ്റ്.
വീടുകൾ,ഫ്ലാറ്റുകൾ,ഓഫീസുകൾ എന്നിങ്ങനെ ഓരോന്നിനെയും ഓരോ ഡോറായി കണക്കാക്കിയാണ് നമ്പർ നൽകുന്നത്. ഒൻപതക്ക നമ്പരുള്ള ഡിജി ഡോർ പിൻ ക്യൂ ആർ കോഡ് സഹിതം ബോർഡിലുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ വീടുകളിലെത്തി ബോർഡ് സ്ഥാപിക്കും. ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ജിയോ ടാഗിംഗും നടത്തും. ഇൻഫർമേഷൻ കേരള മിഷനാണ് ഇതിനുള്ള സാങ്കേതിക സഹായം നൽകുന്നത്. കോർപ്പറേഷനുകളിൽ കെ സ്മാർട്ടുമായും പഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് സോഫ്റ്റ് വെയറുകളുമായും ബന്ധിപ്പിച്ചാണ് നമ്പർ നൽകുക. ബോർഡ് തയ്യാറാക്കുന്നതിനുള്ള ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കും.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് ശ്രമം. വാർഡ് പുനർ വിഭജന കമ്മിറ്റിയുടെ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇനുള്ള നടപടികൾ ആരംഭിക്കും. പുതിയ വീട് നമ്പരുകൾക്കനുസരിച്ച്. ആധാർ ഉൾപ്പെടെയുള്ള അടിസ്ഥാന രേഖകളിലെ അഡ്രസും മാറ്റേണ്ടിവരും പുതിയ വീട്ടു നമ്പർ വന്നാലുടൻ രേഖകളിലും മാറ്റം വരുത്തണം. തദ്ദേശസ്ഥാപനങ്ങളിൽ നികുതി അടയ്ക്കേണ്ടതും പുതിയ നമ്പർ പ്രകാരമായിരിക്കും.
തിരുവനന്തപുരം മുതൽ കാസർകോടു വരെ ക്രമമായ നമ്പരുകളാണ് ഓരോ കെട്ടിടത്തിനും ഡിജി ഡോർ പിൻ ആയി നൽകുക. ഭാവിയിൽ വാർഡ് വിഭജനം ഉണ്ടായാലും ഡിജി ഡോർ പിൻ മാറ്റേണ്ടിവരില്ല. ഡിജി ഡോർ നമ്പരും ക്യൂആർഡ് കോഡും ഉപയോഗിച്ച് കെട്ടിടത്തെ സംബന്ധിച്ച വിവരങ്ങൾ അറിയാം. ലോക്കേഷനും ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |