അബുദാബി: ജോലി ചെയ്യാനും സ്ഥിരതാമസത്തിനും ഇന്ത്യക്കാർ തിരഞ്ഞെടുക്കുന്ന പ്രധാന വിദേശ നഗരങ്ങളിലൊന്നാണ് ദുബായ്. ലോകത്തിന്റെ പല കോണുകളിൽ നിന്നും നിക്ഷേപകരെ ആകർഷിക്കുന്ന റിയൽ എസ്റ്റേറ്റിന്റെ ആഗോള ഹബ്ബായി വളർന്ന നഗരം കൂടിയാണിത്. എന്നാൽ ദുബായിൽ ഒരു വീട് വാങ്ങുന്നത് നല്ലൊരു നിക്ഷേപമായി കണക്കാക്കാൻ സാധിക്കുമോ? ദുബായിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർ ഈ നിക്ഷേപത്തിന്റെ അനുകൂല ഘടകങ്ങളും പ്രതികൂല ഘടകങ്ങളും തീർച്ചയായും അറിഞ്ഞിരിക്കണം.
നികുതി രഹിത മേഖല, തന്ത്രപ്രധാനമായ സ്ഥാനം, ആഡംബര ജീവിത രീതികൾ തുടങ്ങിയവയാണ് ദുബായ് റിയൽ എസ്റ്റേറ്റ് മാർക്കറ്റിന്റെ സവിശേഷതകൾ. വസ്തു നികുതിയും മൂലധന നേട്ട നികുതിയും ഇല്ലെന്നതാണ് ഇന്ത്യൻ നിക്ഷേപകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. പ്രോപ്പർട്ടി ഉടമസ്ഥാവകാശത്തിന് മികച്ച സാമ്പത്തിക ചട്ടക്കൂടാണ് ദുബായ് മുന്നോട്ടുവയ്ക്കുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലെ പട്ടികയിൽ തുടർച്ചയായി ആദ്യ സ്ഥാനങ്ങളിൽ ഉൾപ്പെടുന്നത് എന്നിവയും ഇന്ത്യക്കാരെ ആകർഷിക്കുന്ന ഘടങ്ങളിൽ ചിലതാണ്.
വൈവിധ്യവൽക്കരണം ആഗ്രഹിക്കുന്ന ഇന്ത്യൻ നിക്ഷേപകർക്ക്, ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണി കറൻസിയിലെ ഏറ്റക്കുറച്ചിലുകൾക്കും സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കുമെതിരെ സംരക്ഷണം നൽകുന്നു. യുഎസ് ഡോളറിന് സമാനമായ യുഎഇ ദിർഹത്തിന്റെ മൂല്യം കറൻസിയുടെ സ്ഥിരത ഉറപ്പാക്കുന്നു. മാത്രമല്ല, പ്രോപ്പർട്ടി നിക്ഷേപകർക്കുള്ള ഗോൾഡൻ വിസ പോലുള്ള ദുബായിയുടെ ലിബറൽ വിസ നയങ്ങളും നിക്ഷേപകർ ശ്രദ്ധ ചെലുത്തുന്ന ഒന്നാണ്.
കൂടാതെ ദുബായിൽ സ്വന്തമായി വീടുള്ളവർക്ക് വാടകയിനത്തിലും നല്ല വരുമാനം നേടാൻ സാധിക്കും. പ്രതിവർഷം അഞ്ചുമുതൽ ഒൻപത് ശതമാനംവരെയാണ് ദുബായിൽ വാടക വർദ്ധനവുണ്ടാവുന്നത്. ഡൗൺടൗൺ ദുബായ്, പാം ജുമൈറ, ദുബായ് മറീന തുടങ്ങിയ പ്രദേശങ്ങൾക്കാണ് ഏറ്റവും ഡിമാൻഡ്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് മൂന്നോ നാലോ മണിക്കൂർ മാത്രം അകലെയാണ് ദുബായ് എന്നതും മറ്റൊരു ആകർഷണമാണ്. ദുബായിൽ സ്ഥിരതാമസമായാലും ജന്മനാടുമായി എപ്പോഴും ബന്ധം പുലർത്താൻ സാധിക്കും. ദുബായിൽ താമസമുള്ള മറ്റ് ഇന്ത്യൻ കുടുംബങ്ങൾ, ഇന്ത്യൻ തനിമയുള്ള ഹോട്ടലുകൾ, സാംസ്കാരിക ഇടങ്ങൾ, ഹബ്ബുകൾ എന്നിവ ദുബായിയുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ സഹായിക്കുന്നു.
ദുബായിൽ പ്രോപ്പർട്ടി വാങ്ങുന്നതിൽ പ്രത്യക്ഷത്തിൽ പ്രതികൂല ഘടകങ്ങൾ ഇല്ലെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രോപ്പർട്ടി ഉടമസ്ഥതയ്ക്ക് പെർമനന്റ് റെസിഡൻസിയുമായി ബന്ധം ഉണ്ടായിരിക്കണമെന്നില്ല. വിസാ നയങ്ങൾ നിക്ഷേപകർക്ക് അനുയോജ്യമാണെങ്കിലും, സ്ഥിര താമസം ഉറപ്പുനൽകുന്നില്ല. മാത്രമല്ല, പ്രോപ്പർട്ടി വാങ്ങുമ്പോൾ ഡിമാൻഡ് കുറഞ്ഞ സ്ഥലങ്ങളിൽ നിന്ന് വാങ്ങാതിരിക്കാനും ശ്രദ്ധിക്കണം. മികച്ച ഡവലപ്പർമാരെ തിരഞ്ഞെടുക്കുക, ഡിമാൻഡ് ഏറിയ സ്ഥലങ്ങൾ കണ്ടുപിടിക്കുക, മുൻപരിചയമുള്ളവരുമായി കൂടിയാലോചിക്കുക എന്നിവയും പ്രധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |