കൊച്ചി: സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കെതിരെ വിമർശനം ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമത്വം വേണമെന്ന് പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുല്യത സമ്മതിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടതെന്ന് താൻ പറയുന്നില്ലെന്നും ഒരു സമൂഹത്തെ ഉദ്ദേശിച്ചാണിത് പറയുന്നതെന്നും ആവർത്തിച്ചു. സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട്ടിലും പാലക്കാട്ടും കോൺഗ്രസ് വിജയം കണ്ടത് എസ്.ഡി.പി.ഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും വോട്ട് നേടിയാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ മലപ്പുറത്തും ഒരെണ്ണം കോഴിക്കോട്ടുമാണ്. ഇതെല്ലാം മുസ്ലീംസാന്ദ്രത കൂടിയ മേഖലകളാണ്. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ലീഗിനെ തടവറയിലാക്കിയപ്പോൾ കോൺഗ്രസ് അതിന്റെ ഗുണഭോക്താവായി. അടുത്ത നിയമസഭാ- തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം ഉജ്ജ്വലവിജയം നേടും.
തിരഞ്ഞെടുപ്പിന് ഇനിയും നാളുകൾ അവശേഷിക്കെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോര് തുടങ്ങിക്കഴിഞ്ഞു. കെ. സുധാകരനും വി.ഡി. സതീശനും പുറമേ രമേശ് ചെന്നിത്തലയും സമുദായത്തെ കൂട്ടുപിടിച്ച് പോരാടുകയാണ്. കെ.സി. വേണുഗോപാലിനും മുഖ്യമന്ത്രി കസേരയിലാണ് നോട്ടം. രാജ്യത്തെ ആദ്യ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കും. ഭരണഘടന എല്ലാക്കാലവും അതേപടി തുടരണമെന്ന നിർബന്ധമൊന്നും തങ്ങൾക്കില്ല. എന്നാൽ കൊണ്ടുവരുന്ന മാറ്റങ്ങൾ പാവങ്ങളുടെ പുരോഗതിയോട് ചേർന്ന് നിൽക്കുന്നതാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |