# ഈഴവ വോട്ടുകൾ ഗണ്യമായി ചോർന്നു
തൃശൂർ: രാഷ്ട്രീയ പാർട്ടികൾ സാമുദായികാടിസ്ഥാനത്തിൽ ശേഖരിച്ച വോട്ടർമാരുടെ കണക്ക്, തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ഈഴവ വോട്ടുകൾ ചോർന്നുവെന്ന സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലെ വിമർശനം ശരി വയ്ക്കുന്നു. മൊത്തം വോട്ടിന്റെ നാലിലൊന്നിൽ കൂടുതലാണ് മണ്ഡലത്തിലെ ഈഴവ സമുദായം, 28 ശതമാനം. നാട്ടിക, മണലൂർ, പുതുക്കാട് നിയോജക മണ്ഡലങ്ങളിലാണ് ഈഴവർ കൂടുതൽ. നാട്ടികയിലെ ഇടതുകോട്ടകളായ പഞ്ചായത്തുകളിലും മണലൂരിലും ബി.ജെ.പി വൻ മുന്നേറ്റം നടത്തി.
ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിലും മുന്നിലെത്തി. ഗുരുവായൂരിൽ മാത്രമാണ് പിന്നിലായത്. അവിടെ മൂന്നാം സ്ഥാനമായിരുന്നു. നാട്ടിക, മണലൂർ, പുതുക്കാട് മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ട് ഗണ്യമായി കൂട്ടി മുന്നിലെത്തി. സുരേഷ് ഗോപിയുടെ വിജയത്തിന് അടിത്തറയേകിയതും നാട്ടിക, മണലൂർ, തൃശൂർ മണ്ഡലങ്ങളായിരുന്നു. എൽ.ഡി.എഫ് അഞ്ച് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും തൃശൂരും ഇരിങ്ങാലക്കുടയിലും മൂന്നാമതായി. സി.പി.എം ചേർത്ത വോട്ടുകൾ ഇടതുമുന്നണിക്ക് ലഭിച്ചില്ലെന്നും വോട്ടർ പട്ടിക പരിശോധിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്നും വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. ചുരുക്കത്തിൽ പാർട്ടിയുടെ ന്യൂനപക്ഷ പ്രീണനം മൂലം ഈഴവ വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമാകുന്ന സാഹചര്യമുണ്ടായെന്ന വിമർശനമാണ് അണികൾക്കുള്ളത്.
നിയമസഭാ മണ്ഡലങ്ങളിലെ
വോട്ട് വിഹിതം
(സുരേഷ് ഗോപി, വി.എസ്.സുനിൽകുമാർ, കെ.മുരളീധരൻ)
ഗുരുവായൂർ :45,049, - 50,519, - 57,925
മണലൂർ: 61,196,: - 53,183, -50,897
ഒല്ലൂർ :58,996,: - 48,633, - 47,639
തൃശൂർ :55,057:, - 34,253, - 40,940
നാട്ടിക: 66,854, :- 52,909, - 38,195
ഇരിങ്ങാലക്കുട :59,515, - 45,022, - 46,499
പുതുക്കാട്: 62,635, - 49,943, - 42,715
ലോക്‌സഭാ മണ്ഡലത്തിലെ
സാമുദായിക പ്രാതിനിധ്യം
ഈഴവ: 28
മുസ്‌ലിം 18
ക്രിസ്ത്യൻ: 21.5
നായർ: 9
എസ്.സി.: 10
മറ്റ് പിന്നാക്കവിഭാഗം: 10
മറ്റ് വിഭാഗങ്ങൾ: 3.5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |