
മുംബയ്: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനികനായ വ്യവസായിയാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി. 91,3842 കോടിയിലധികം ആസ്തിയുള്ള അദ്ദേഹത്തിന്റെ വ്യവസായം ലോകത്ത് അങ്ങോളമിങ്ങോളം വ്യാപിച്ചുകിടക്കുകയാണ്. നാല് ലക്ഷത്തിലധികം ജീവനക്കാരാണ് റിലയൻസിന്റെ കീഴിൽ പ്രവർത്തിക്കുന്നത്. അക്കൂട്ടത്തിൽ മുകേഷ് അംബാനിയുടെ വിശ്വസ്തനെന്ന വിശേഷണം നേടിയെടുത്തത് റിലയൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ പിഎംഎസ് പ്രസാദാണ് (പാണ്ഡ മധുസൂദന ശിവ പ്രസാദ്). മുകേഷ് അംബാനിയുടെ ജീവനക്കാരിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നയാളെന്ന വിശേഷണവും പിഎംഎസ് പ്രസാദിനുണ്ട്.
മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനിയുണ്ടായിരുന്ന സമയത്തും ഇപ്പോഴും റിലയൻസിലെ വിശ്വസ്തനായി അദ്ദേഹം നിലകൊണ്ടു. കമ്പനിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് അനുസരിച്ച്, രണ്ട് കോടി രൂപയിൽ കൂടുതൽ വർദ്ധനവ് ലഭിച്ചതിനുശേഷം പ്രകടനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ഉൾപ്പെടെ പിഎംഎസ് പ്രസാദിന്റെ പ്രതിഫലം 2025 സാമ്പത്തിക വർഷത്തിൽ 19.96 കോടി രൂപയായി ഉയർന്നെന്നാണ്. 2024 സാമ്പത്തിക വർഷത്തിൽ അദ്ദേഹത്തിന്റെ പ്രതിഫലം 1,793,00000 ലക്ഷം രൂപയായിരുന്നു.
ആന്ധ്രാപ്രദേശിലെ തെനാലിയിലാണ് അദ്ദേഹം ജനിച്ചത്. പ്രവർത്തന കാര്യക്ഷമത, തന്ത്രപരമായ ആസൂത്രണം, പ്രോജക്ട് മാനേജ്മെന്റ് എന്നിവയിലെ വൈദഗ്ധ്യത്തിന് അംഗീകാരം ലഭിച്ച അദ്ദേഹം ഒസ്മാനിയ സർവകലാശാലയിൽ നിന്ന് ശാസ്ത്രത്തിലും അണ്ണാ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിലും ബിരുദം നേടിയിട്ടുണ്ട്. ഡെറാഡൂണിലെ പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ് സർവകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ബിരുദവും നൽകി.
പിഎംഎസ് പ്രസാദ് 40 വർഷത്തിലേറെയായി മുകേഷ് അംബാനിയുമായും റിലയൻസുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ്. വർഷങ്ങളായി, റിലയൻസിന്റെ ഫൈബേഴ്സ്, പെട്രോകെമിക്കൽസ്, റിഫൈനിംഗ് ആൻഡ് മാർക്കറ്റിംഗ്, എക്സ്പ്ലോറേഷൻ ആൻഡ് പ്രൊഡക്ഷൻ, ന്യൂ എനർജി ബിസിനസുകൾ എന്നിവയിൽ നിരവധി മുതിർന്ന സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |