തിരുവനന്തപുരം: കോഴിയിറച്ചിയുടെ വില 2024 മേയ് 14ന് 34 രൂപ കൂടി കിലോയ്ക്ക് 168 രൂപയിലെത്തി. അതോടെ തട്ടുകടകളിൽ മുതൽ സ്റ്റാർ ഹോട്ടലുകളിൽവരെ ചിക്കൻ വിഭവങ്ങൾക്ക് വർദ്ധിച്ചത് 20 ശതമാനം. പിന്നീട് പലവട്ടം കോഴിയിറച്ചിയുടെ വില കുറഞ്ഞു. എന്നാൽ, ഹോട്ടലുകളിൽ കുറഞ്ഞില്ല എന്നുമാത്രമല്ല, പലയിടത്തും കൂടുകയും ചെയ്തു. ഇന്നലെ കോഴിയിറച്ചിയുടെ വില (തിരു.നഗരത്തിൽ) 124 രൂപ. കഴിഞ്ഞ മേയിലേതിനെക്കാൾ 44 രൂപയുടെ കുറവ്. അതിനനുസൃതമായി ഹോട്ടലുകളിൽ കുറയുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
സമാനമായാണ് പലവ്യഞ്ജനങ്ങളുടെ വില വർദ്ധനയിൽ വെജിറ്റേറിയൻ വിഭവങ്ങളിലും പ്രതിഫലിക്കുന്നത്. ഇത്തരം പ്രവണതകൾക്ക് ഒരു പരിധിവരെ തടയിടാനാണ് സർക്കാർ ഭക്ഷണവില നിയന്ത്രണ ബില്ല് കൊണ്ടുവരുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങളുടെ മാർക്കറ്റ് വിലയുടെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കണമെന്നാണ് ബില്ലിന്റെ കരടിൽ പറയുന്നത്. ഓരോ മൂന്നു മാസം കഴിയുമ്പോഴും ഭക്ഷ്യവസ്തുക്കളടെ വിലയിൽ മാറ്റം ഉണ്ടായാൽ മാത്രമേ ഭക്ഷണസാധനങ്ങളുടെ വിലയിലും മാറ്റം വരൂ.
വീണ്ടും അട്ടിമറിക്കപ്പെടുമോ
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2013 സെപ്തംബറിൽ ഭക്ഷണവില നിയന്ത്രണബില്ല് തയ്യാറാക്കിയിരുന്നു. എന്നാൽ, നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടില്ല. 2021ൽ ഭക്ഷണവില നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുമെന്ന വാഗ്ദാനം എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ ഇടംപിടിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മുൻകൈയെടുത്താണ് ഇപ്പോൾ ബില്ല് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഹോട്ടൽ ഉടമകളുടെ ന്യായമായ ആവശ്യങ്ങൾകൂടി പരിഗണിച്ചാകും ബില്ലിലെ വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകുക. എന്നാൽ, ഇതും അവസാനനിമിഷം അട്ടിമറിക്കപ്പെടുമോ എന്നാണ് ജനത്തിന്റെ ആശങ്ക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |