കൊച്ചി: പുതിയ വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിൽ മുനമ്പം ഭൂമി ജില്ലാ കളക്ടർ അടിയന്തരമായി സന്ദർശിക്കാനും സർവേ കമ്മിഷണറുടെ നടപടികൾ പരിശോധിക്കാനും സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകുമെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി കിരൺ റിജിജു. മുനമ്പം നിവാസികൾക്ക് നീതി ലഭ്യമാക്കാൻ ആവശ്യമായ പിന്തുണ സംസ്ഥാന സർക്കാർ നൽകണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുനമ്പം പോലുള്ള സ്ഥിതി രാജ്യത്തൊരിടത്തും ഇനി ഉണ്ടാകില്ലെന്ന് ഉറപ്പുനൽകാൻ കേന്ദ്ര സർക്കാരിന് കഴിയും. ശക്തമായ വകുപ്പ് നിയമത്തിൽ അതിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമപ്രകാരം, വഖഫ് അവകാശപ്പെട്ട ഭൂമിയുടെ മുഴുവൻ രേഖകളും കളക്ടർക്ക് പരിശോധിക്കാം. അവകാശവാദത്തിന്റെ ആധികാരികത രേഖകൾ പരിശോധിച്ച് കളക്ടർക്ക് തീരുമാനിക്കാം. തർക്കമുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാം. അന്തിമ തീരുമാനമെടുക്കാൻ കോടതികൾക്കാണ് അധികാരം. മുനമ്പം നിവാസികൾക്ക് ഭൂമിയിൽ അവകാശവും ഉടമസ്ഥതയും നീതിയും ലഭ്യമാക്കുന്നതിന് പിന്തുണ നൽകാൻ തന്റെ വകുപ്പിനും നിർദ്ദേശം നൽകി.
പഴയ വഖഫ് നിയമം അടിസ്ഥാനമാക്കി ബോർഡിലും ട്രൈബ്യൂണലിലും കോടതികളിലും തുടരുന്ന നടപടിക്രമങ്ങളെ പുതിയ നിയമം എങ്ങനെ സഹായിക്കുമെന്ന ചോദ്യത്തിന് ബോർഡ് പുന:സംഘടിപ്പിക്കുമ്പോൾ പുതിയ നിയമം സഹായമാകുമെന്ന് മറുപടി നൽകി.
മമത കലാപത്തെ
പിന്തുണയ്ക്കുന്നു
വഖഫ് നിയമത്തിന്റെ പേരിൽ പശ്ചിമബംഗാളിൽ ആരംഭിച്ച കലാപത്തിന് മുഖ്യമന്ത്രി മമത ബാനർജി പ്രത്യക്ഷ പിന്തുണ നൽകുകയാണെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജു പറഞ്ഞു.
നിയമം ബംഗാളിൽ നടപ്പാക്കില്ലെന്ന മമതയുടെ പ്രഖ്യാപനം അപ്രായോഗികമാണ്. കലാപം തടയേണ്ട ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മമത ബാനർജി കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണ്.
കലാപം അടിച്ചമർത്തുന്നില്ല. കലാപത്തിൽ ബംഗ്ളാദേശി ഇടപെടൽ സംബന്ധിച്ച ആരോപണത്തിൽ തനിക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചെന്ന പ്രചാരണം ശരിയല്ല. കടുത്ത ചൂടുമൂലം സൗദി അറേബ്യ എല്ലാ രാജ്യങ്ങളിലെയും സ്വകാര്യ ഏജൻസികൾ വഴിയുള്ളവരുടെ എണ്ണം കുറച്ചിട്ടുണ്ട്. ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് ഇക്കുറി അനുമതി. മുൻവർഷം 1,35,000 പേർക്കായിരുന്നു. സുരക്ഷിതവും ആരോഗ്യകരവുമായ തീർത്ഥാടനം ഉറപ്പാക്കും.
ഭൂമി കൊള്ള
അവസാനിക്കും: മോദി
ന്യൂഡൽഹി: രാജ്യത്ത് ലക്ഷക്കണക്കിന് ഹെക്ടർ ഭൂമി വഖഫിന്റെ പേരിലുണ്ടെന്നും, ഭൂമാഫിയയാണ് അതിന്റെ പ്രയോജനം പറ്റുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമി കൊള്ള അവസാനിപ്പിക്കാനാണ് വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നത്. പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് അവസാനിക്കും. നിയമത്തെ എതിർത്തുകൊണ്ട് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ വൈറസ് പരത്താനാണ് കോൺഗ്രസിന്റെ ശ്രമം. സ്വന്തം നേട്ടത്തിനായി വഖഫ് ചട്ടങ്ങളിൽ കോൺഗ്രസ് മാറ്രംവരുത്തി. നിയമം ദുരുപയോഗിച്ചതിന്റെ ഫലമായി മുസ്ലീം യുവാക്കൾക്ക് സൈക്കിൾ പഞ്ചർ നന്നാക്കൽ പോലുള്ള ജോലികൾ ചെയ്യേണ്ട സാഹചര്യമുണ്ടായി.
വഖഫ് നിയമം: ഹർജികൾ
ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തെ എതിർത്തും അനുകൂലിച്ചുമുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് കോൺഗ്രസും, മുസ്ലീംലീഗും, ഡി.എം.കെയും, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡും ഉൾപ്പെടെ ആവശ്യപ്പെടും. ബി.ജെ.പി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങൾ അടക്കം നിയമത്തെ അനുകൂലിച്ച് ഹർജി നൽകിയവർ സ്റ്റേ ആവശ്യത്തെ എതിർക്കും. കേന്ദ്രസർക്കാർ തടസഹർജിയും സമർപ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി.സഞ്ജയ് കുമാർ, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
മോദിയും ഷായും വഞ്ചനയുടെ
കാര്യസ്ഥന്മാർ: ബിനോയ് വിശ്വം
തിരുവനന്തപുരം: ക്രിസ്ത്യൻ മതവിഭാഗത്തെ കണ്ണുകെട്ടി കളിപ്പിക്കാൻ വഖഫ് നിയമത്തിന്റെ പേരിൽ തന്ത്രങ്ങൾ മെനഞ്ഞ നരേന്ദ്ര മോദിയും അമിത്ഷായും കൊടുംവഞ്ചനയുടെ കാര്യസ്ഥന്മാരാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വഖഫ് നിയമത്തിലൂടെ മുനമ്പം പ്രശ്നം ഉടൻ പരിഹരിക്കുമെന്ന ബി .ജെ. പിയുടെ അവകാശവാദം സോപ്പ് കുമിളപോലെ പൊട്ടി. കേന്ദ്ര മന്ത്രി കിരൺ റിജിജു തന്നെയാണ് ആ കുമിള പൊട്ടിച്ചത്. മോദിയും അമിത് ഷായും ഒരുക്കിയ കെണിയിലേക്ക് മതവിശ്വാസികളെ ആട്ടി തെളിയിക്കാൻ ശ്രമിച്ച ബിഷപ്പുമാർ ഈ വഞ്ചനയ്ക്ക് അറിഞ്ഞോ അറിയാതെയോ കുടപിടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |