തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ നിന്നൊഴിവാക്കിയെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ ഒരു പ്രാവശ്യമെങ്കിലും മറിച്ചുനോക്കാൻ ആരോപണമുന്നയിച്ചവർ സമയം കണ്ടെത്തണം. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും സാംസ്‌കാരിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ സംഭാവനകൾക്കും നവോത്ഥാന നായകന്മാരുടെ രചനകൾക്കും തുല്യപ്രാധാന്യം നൽകിയാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
അഞ്ചാംക്ലാസ് മലയാളം ഭാഗം രണ്ട്, ഏഴാംക്ലാസ് സാമൂഹ്യശാസ്ത്രം ഭാഗം ഒന്ന്, എട്ടാംക്ലാസ് സാമൂഹ്യശാസ്ത്രം ഭാഗം രണ്ട്, എട്ടാം ക്ലാസ് കേരളപാഠാവലി യൂണിറ്റ് രണ്ട്, എട്ടാംക്ലാസ് സംസ്‌കൃതം അഞ്ചാം പാഠം, ഒമ്പതാം ക്ലാസ് മലയാളം ഭാഗം രണ്ട്, പത്താംക്ലാസ് സംസ്‌കൃതം യൂണിറ്റ് മൂന്ന് പാഠഭാഗങ്ങളിൽ ഗുരുദേവപഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം ആരംഭിക്കുന്ന ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളിക്കും.
രാജ്യത്തിന്റെ ചരിത്രത്തെ തമസ്‌കരിച്ച് കാവിവത്കരണ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതിനെതിരെ ഒന്നും മിണ്ടാത്തവരാണ് കേരളത്തിൽ ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പ്രചരിപ്പിക്കാൻ ഗുരുവിന്റെ പേരിൽ സർവകലാശാല ആരംഭിച്ച എൽ.ഡി.എഫ് സർക്കാരിനെതിരെയാണ് ആരോപണം എന്നതിനാൽ പൊതുസമൂഹം അത് തള്ളിക്കളയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |