ആലപ്പുഴ: കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് സി.പി.ഐ സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട നികുതി വിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്ര സഹായം, പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം എന്നിവയിലെല്ലാം ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധമായ സമീപനം കേന്ദ്രം സ്വീകരിക്കുകയാണ്.
കേന്ദ്രനികുതി വിഹിതമായി 14ാം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നിശ്ചയിച്ചത് 42 ശതമാനമായിരുന്നു. എന്നാൽ, 15ാം ധനകാര്യ കമ്മിഷൻ അത് 41ശതമാനമായി കുറച്ചു. 16ാം ധനകാര്യ കമ്മിഷനോട് അത് 40 ശതമാനമാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കേന്ദ്രം സമാഹരിക്കുന്ന നികുതി സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്നുള്ളതുകൊണ്ട് നികുതിക്കു പകരം സെസും സർചാർജും തുടർച്ചയായി വർദ്ധിപ്പിക്കുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ഒരു ബ്രാഞ്ച്, റെയിൽവേ വികസനം തുടങ്ങിയവയെല്ലാം കേന്ദ്രം നിരാകരിക്കുന്നു. കടൽ ഖനന പദ്ധതി നിറുത്തിവയ്ക്കണം. വൻകിട കപ്പലുകൾക്ക് അനുവാദം നൽകാനുള്ള നീക്കം അവസാനിപ്പിക്കണം.
കപ്പൽ അപകടം മൂലമുള്ള നഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. കപ്പലപകടത്തിന്റെ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യണം. അമേരിക്കൻ ചുങ്കത്തിന്റെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |