
ഇംപ്രൂവ്മെന്റ് പരീക്ഷ കാര്യവട്ടത്തില്ല
തിരുവനന്തപുരം: കേരള സർവകലാശാലയിലെ നാലു വർഷ ബിരുദ വിദ്യാർത്ഥികളോട് ഇരട്ട നീതി. അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് മാർക്ക് മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നുണ്ടെങ്കിലും ,കാര്യവട്ടത്തെ സർവകലാശാലാ പഠന-ഗവേഷണ വിഭാഗങ്ങളിലെ കുട്ടികൾക്കില്ല.
2023ൽ കേരളത്തിൽ ആദ്യമായി നാലു വർഷ കോഴ്സ് തുടങ്ങിയത് കാര്യവട്ടത്താണ്. 16മേജർ, 51മൈനർ വിഷയങ്ങളിലായി നാൽപ്പത് വിദേശ വിദ്യാർത്ഥികളടക്കം 700ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. റീവാല്യുവേഷൻ, ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധന എന്നിവ പോലും അടുത്തിടെയാണ് അനുവദിച്ചത്. ഒരേ കോഴ്സ് പഠിക്കുന്നവർക്ക് തുല്യ അവസരം നിഷേധിക്കുന്നു.കാര്യവട്ടത്ത് നേരത്തേ പി.ജി കോഴ്സുകൾ മാത്രമായിരുന്നു. ഇതിനായുള്ള ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനത്തിൽ ഇംപ്രൂവ്മെന്റ് പരീക്ഷയുണ്ടായിരുന്നില്ല. ബിരുദ കോഴ്സുകൾ തുടങ്ങിയപ്പോഴും മാറ്റമുണ്ടായില്ല.
അഫിലിയേറ്റഡ് കോളേജുകളിൽ പരീക്ഷാ കൺട്രോളറുടെ മേൽനോട്ടത്തിൽ ഇംപ്രൂവ്മെന്റടക്കം നടത്തുന്നുണ്ട്. കാര്യവട്ടത്ത് ചോദ്യപേപ്പർ തയ്യാറാക്കുന്നതും പരീക്ഷയും മൂല്യനിർണയവും നടത്തുന്നതും പഠിപ്പിക്കുന്ന അദ്ധ്യാപകരാണ്. ഇവർ തയ്യാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യപ്പേപ്പറുകളിലൊന്ന് വകുപ്പ് മേധാവി തിരഞ്ഞെടുക്കും. അതിനാൽ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തിപ്പിന് അധികച്ചെലവുണ്ടാവില്ല. കോളേജുകളിൽ സർവകലാശാലയാണ് പരീക്ഷ നടത്തുന്നത്. ഒന്നിടവിട്ട സെമസ്റ്ററുകളിൽ സർവകലാശാലയും കോളേജുകളും മൂല്യനിർണയം നടത്തുന്നു. രണ്ടിടത്തും വ്യത്യസ്ത സിലബസുകളുമാണ്.
മാർക്ക് മെച്ചപ്പെടുത്താൻ
അവസരമില്ല
ഇംപ്രൂവ്മെന്റ് പരീക്ഷയില്ലാത്തതിനാൽ കാര്യവട്ടത്തെ വിദ്യാർത്ഥികൾക്ക് മാർക്ക് മെച്ചപ്പെടുത്താൻ അവസരമില്ലാതായി. ഏതെങ്കിലും വിഷയങ്ങൾക്ക് പരാജയപ്പെട്ടവർക്ക് അടുത്ത സെമസ്റ്ററിനൊപ്പം വീണ്ടും പരീക്ഷയെഴുതാം. സപ്ലിമെന്ററി പരീക്ഷ സമയത്ത് നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. കാര്യവട്ടത്തെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ റഗുലേഷനിൽ ഭേദഗതി വരുത്തിയാൽ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താം. ഇക്കാര്യത്തിൽ അക്കാഡമിക് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. സയൻസ് ബാച്ചിൽ 15ഉം ആർട്സ് വിഷയങ്ങളിൽ 20ഉം വീതം കുട്ടികളാണുള്ളത്.
''ഇംപ്രൂവ്മെന്റില്ലാത്തത് ഗുരുതര പ്രശ്നമാണ്. ഇക്കാര്യത്തിൽ നടപടിയുണ്ടാവും''
-ഡോ.മോഹനൻ കുന്നുമ്മേൽ
വൈസ്ചാൻസലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |