തിരുവനന്തപുരം: പൊതുവിപണിയിൽ വിലകുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകയും ജി.എസ്.ടി കൗൺസിൽ അംഗീകരിക്കുകയും ചെയ്ത നികുതി ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുത്തി വിജ്ഞാപനമായി. എന്നാൽ, ലോട്ടറി അടക്കം ചില ഇനങ്ങൾക്ക് 40% നികുതി ചുമത്താനുള്ള തീരുമാനം ഉൾപ്പെടുത്തിയിട്ടില്ല. ലോട്ടറിക്കു പുറമേ, ബീഡി,സിഗരറ്റ്,പാൻമസാല എന്നിവയുടെ നികുതി നിലവിലെ 28ശതമാനമായി തുടരുമെന്ന് ജി.എസ്.ടി.വൃത്തങ്ങൾ അറിയിച്ചു. ലോട്ടറി നികുതി വർദ്ധിപ്പിക്കുന്നതിൽ കേരളത്തിനുള്ള കടുത്ത എതിർപ്പ് കേന്ദ്രധനകാര്യ മന്ത്രിയെ അറിയിച്ചിരുന്നു.
നികുതി കുറച്ചത് മൂലമുള്ള വിലക്കിഴിവ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്ന് ജി.എസ്.ടി. അധികൃതർ വ്യാപാരികൾക്കും ഉത്പാദകർക്കും നിർദേശം നൽകി. ഇക്കാര്യം കർശനമായി പരിശോധിക്കും.
വ്യാപാരികൾ/സേവനദാതാക്കൾ പുതുക്കിയ നികുതി നിരക്കനുസരിച്ചുള്ള ടാക്സ് ഇൻവോയ്സുകൾ 22 മുതൽ നല്കുന്നതിനാവശ്യമായ മാറ്റങ്ങൾ ബില്ലിംഗ് സോഫ്റ്റ് വെയർ സംവിധാനത്തിൽ വരുത്തണം, നികുതി മാറ്റം വരുന്ന സാധനങ്ങൾ സ്റ്റോക്കിലുണ്ടെങ്കിൽ 21 ലെ ക്ലോസിംഗ് സ്റ്റോക്ക് പ്രത്യേകം രേഖപ്പെടുത്തി വയ്ക്കണം. നികുതി ബാധ്യത ഒഴിവാക്കിയ സാധനങ്ങളുടെയും, സേവനങ്ങളുടെയും ഭാഗമായുള്ള സ്റ്റോക്കിന്റെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിവേഴ്സൽ ചെയ്യേണ്ടതടക്കമുള്ള നടപടികൾ വ്യാപരികൾ സ്വീകരിക്കേണ്ടതാണ്. വ്യാപാരികൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ വിജ്ഞാപനങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ www.keralataxes.gov.in ൽ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |