ഷില്ലോംഗ്: കണ്ണൂർ സ്വദേശി ഡോ. ഷക്കീൽ പി. അഹമ്മദിനെ മേഘാലയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. 1995 ബാച്ച് ഐ.എഎ.സ് ഉദ്യോഗസ്ഥനാണ്. ഈ മാസം 30ന് ചുമതലയേൽക്കും. 2026 നവംബർ വരെയാണ് കാലാവധി. സംസ്ഥാന വിജിലൻസ് കമ്മിഷണറുടെ ചുമതലയും വഹിക്കും. നിലവിൽ ആഭ്യന്തരം, ജലവിഭവം, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി വകുപ്പുകളുടെ അഡിഷണൽ ചീഫ് സെക്രട്ടറിയാണ്. മേഘാലയ റവന്യൂ ബോർഡ് ചെയർമാനുമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും ഓഫീസ് ഡയറക്ടറായും മോസ്‌കോയിലെ ഇന്ത്യൻ എംബസി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ അവാർഡ്, ആഗോളതലത്തിൽ ഏറ്റവും മികച്ച പദ്ധതിക്കുള്ള ബ്രിട്ടീഷ് പാർലമെന്റ് അവാർഡ് ഉൾപ്പെടെ നേടിയിട്ടുണ്ട്.
ഹോമിയോ ഡോക്ടറായിരിക്കെ രാഷ്ട്രപതിയുടെ സ്വർണമെഡലോടെയാണ് സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കിയത്. ചെക്സസ് സർവകലാശാലയിൽ നിന്ന് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദവും ഹാർവാർഡിൽ നിന്ന് ഫിൻടെക് കോഴ്സും പൂർത്തിയാക്കി.
കണ്ണൂർ മരക്കാർക്കണ്ടിയിൽ തോട്ടത്തിൽ മുസ്തഫയുടെയും കണ്ണൂർ സിറ്റി പുൽസാറകത്ത് ആയിഷയുടെയും മകനാണ്. സഫീറയാണ് ഭാര്യ. ആയിഷ ഷക്കീൽ, നേഹ നാസ്നിൻ ഷക്കീൽ എന്നിവർ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |