
കോഴിക്കോട്: കോഴിക്കോട് ചേളന്നൂർ ഇരുവള്ളൂരിലെ ഒരു സാധാരണ കൂലിപ്പണിക്കാരന്റെ മകൻ ഇന്ന് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ. കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായി നേടിയ വിജയത്തിലൂടെ നിലമ്പൂരിൽ അസിസ്റ്റന്റ് ഡെപ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റായി നിയമനം നേടി.
കേരള കേഡർ 2023 ഐ.എഫ്.എസുകാരനായ ഇദ്ദേഹം നിലവിൽ ഹെെദരാബാദിൽ സ്പെഷ്യൽ ഫൗണ്ടേഷൻ കോഴ്സിൽ പങ്കെടുക്കുകയാണ്. ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാഡമിയിൽ നടന്ന പരിശീലനത്തിൽ ഓൾറൗണ്ട് പെർഫോർമൻസിൽ ഒന്നാംറാങ്കും നേടി. സിവിൽ സർവീസിന് ശ്രമിച്ചെങ്കിലും സന്നദ്ധ സംഘടനകളിലെ പ്രവർത്തനവും പരിസ്ഥിതി സ്നേഹവും കാടിന് കാവലാകാൻ പ്രേരിപ്പിച്ചു. നാട്ടിലെ സർക്കാർ മലയാളം മീഡിയം സ്കൂളിൽ പഠിക്കുമ്പോഴുള്ള ഗ്രാമീണ ജീവിതാനുഭവങ്ങളും ഇതിന് വളംവച്ചു.
സ്വയം പഠിച്ചാണ് ലക്ഷ്യത്തിലെത്തിയത്. അച്ഛൻ മോഹൻദാസ്, അമ്മ ലത, ജ്യേഷ്ഠൻ വിപിൻദാസ് (ദുബായ്) എന്നിവർ പിന്തുണയുമായി കൂടെയുണ്ട്. പോളിടെക്നിക് പഠനശേഷം 2016ൽ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്നാണ് ബി.ടെക് (മെക്കാനിക്കൽ എൻജിനിയറിംഗ്) നേടിയത്.
സ്ഥിരോത്സാഹം ലക്ഷ്യത്തിലെത്തിച്ചു
സ്ഥിരോത്സാഹത്തോടെ പ്രവർത്തിച്ചാൽ ലക്ഷ്യത്തിലെത്താമെന്ന് മിഥുൻ പറയുന്നു. എവിടെയാണ് സ്വന്തം പ്രശ്നങ്ങളെന്നറിയാൻ സ്വയം വിലയിരുത്തണം. അപ്പോൾ പോംവഴി കണ്ടെത്താം. വിജയവഴിയെ പറ്റി ഓരോരുത്തർക്കും വ്യത്യസ്ത കാഴ്ചപ്പാടാകും. ഇത് തന്റെ കാഴ്ചപ്പാടാണ്. മിഥുൻ കൂട്ടിച്ചേർത്തു.
പഠിപ്പിച്ചു; സ്വയം പഠിച്ചു
പ്രത്യേകം കോച്ചിംഗിന് മിഥുൻ പോയിട്ടില്ല. പല കോച്ചിംഗ് സെന്ററുകളിലും ക്ളാസെടുത്തത് തുണയായി. അതിലൂടെ സ്വയം പഠിച്ചു. മിഥുൻ പഠിപ്പിച്ച പലരും ഇന്ന് വിവിധ സർവീസുകളിലുണ്ട്. താൻ പഠിപ്പിച്ച ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഫാക്കൽറ്റികളിൽ നിന്നടക്കം പലരിൽ നിന്നും പിന്തുണ ലഭിച്ചെന്ന് മിഥുൻ പറയുന്നു.
അംഗീകാരങ്ങൾ
ഓൾറൗണ്ട് ഔട്ട്സ്റ്റാൻഡിംഗ് പെർഫോർമൻസ് അവാർഡ്
ബി.എൻ.ഗാഗുലി അക്കാഡമിക് എക്സലൻസ് അവാർഡ്
കെ.എം.തിവാരി മെമ്മോറിയൽ അവാർഡ്
മനഃശക്തിയുണ്ടെങ്കിൽ ബാക്കിയെല്ലാം പിന്നാലെ വരും. പാതിവഴിയിൽ തളരരുത്. കുടുംബത്തിൽ നിന്നുള്ള പിന്തുണയും സഹായിക്കും.
- മിഥുൻ മോഹൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |