
തിരുവനന്തപുരം: ശബരിമല തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ താൻ ഒരുതവണ പോയിട്ടുണ്ടെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരു ചെറിയ കുട്ടിയുടെ ഏതോ ചടങ്ങിനാണ് പോയത്. പോറ്റിയുടെ വീട്ടിൽ നിന്ന് അന്ന് ഭക്ഷണം കഴിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ വന്നിട്ടുണ്ടെന്ന അയൽവാസിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് കടകംപള്ളിയുടെ വിശദീകരണം. 2017-18 കാലമെന്നാണ് ഓർമ്മ. കൃത്യമായി വർഷം ഓർക്കുന്നില്ല. താൻ ശബരിമലയ്ക്ക് പോകുന്ന ദിവസം പോറ്റി വിളിച്ചിട്ട് വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ നിർബ്ബന്ധിച്ചു. പൊലീസിന്റെ അകമ്പടിയോടെയാണ് അവിടെ എത്തിയത്. ചടങ്ങ് എന്തായിരുന്നുവെന്ന് വ്യക്തമായി ഓർക്കുന്നില്ല. അവിടെ നിന്ന് നേരെ ശബരിമലയ്ക്കാണ് പോയത്. അത് ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. ഇന്നത്തെ പോറ്റിയല്ലല്ലോ അന്നത്തെ പോറ്റി.
മന്ത്രിയായ ശേഷമുള്ള ആദ്യ ശബരിമല തീർത്ഥാടന കാലത്താണ് പോറ്റിയെ പരിചയപ്പെടുന്നത്. ശബരിമല സ്വാമിയുടെ ശരിയായ ഭക്തൻ എന്ന നിലയ്ക്കാണ് പോറ്റിയെ അന്നു കണ്ടത്. അല്ലെങ്കിൽ വീട്ടിൽ പോകുമായിരുന്നില്ല. തന്റെ മണ്ഡലത്തിൽ സ്പോൺസർഷിപ്പ് പരിപാടികളൊന്നും പോറ്റി ചെയ്തിട്ടില്ല. ഒരു വിധത്തിലുള്ള ഗിഫ്റ്റുകളും പോറ്റിയിൽ നിന്ന് വാങ്ങിയിട്ടില്ല. അന്വേഷണ സംഘത്തോട് ഇക്കാര്യം പറഞ്ഞിരുന്നു.
പ്രതിപക്ഷത്തിന് രാഷ്ട്രീയ താത്പര്യമുണ്ട്. ഇരയെ മുൻനിറുത്തി തങ്ങളുടെ രാഷ്ട്രീയ താത്പര്യം നേടിയെടുക്കാൻ വേണ്ടിയുള്ള പരിശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും കടകംപള്ളി പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്രിയുമൊത്തുള്ള ചിത്രം പുറത്തു വന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
രാഷ്ട്രീയ നേതാക്കൾക്ക്
സമ്മാനം നൽകിയെന്ന് പോറ്റി
രാഷ്ട്രീയ നേതാക്കൾക്കും ദേവസ്വം ബോർഡിലെ ഉന്നതർക്കും വിലപിടിപ്പുള്ള ഉപഹാരങ്ങൾ നൽകിയിട്ടുണ്ടെന്ന് സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി എസ്.ഐ.ടിക്ക് മൊഴി നൽകി. മന്ത്രിയാകും മുമ്പ് തന്നെ കടകംപള്ളി സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ട്. കടകംപള്ളി വീട്ടിൽ വന്നിട്ടുമുണ്ട്. ഇത് സൗഹൃദ സന്ദർശനങ്ങളായിരുന്നെന്നാണ് പോറ്റിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ എസ്.ഐ.ടി ചോദ്യം ചെയ്യും. പൂജകളുടെയും സംഭാവനയുടെയും പേരിൽ വൻ വ്യവസായികളിൽ നിന്നടക്കം പോറ്റി കോടികൾ പിരിച്ച് പലിശയ്ക്ക് നൽകുകയും റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയെന്നുമാണ് എസ്.ഐ.ടി പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |