
തിരുവനന്തപുരം: കഴിഞ്ഞ നാലര വർഷത്തിനിടെ സർക്കാർ ആശുപത്രികളിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് തേടിയത് 43 റിപ്പോർട്ടുകൾ. 2021 ജൂൺ മുതൽ 2025 നവംബർ 30വരെയുള്ള കണക്ക്. വിവരാവകാശ പ്രകാരമുള്ള മറുപടിയിലാണിത്. ചികിത്സാപ്പിഴവുകൾ ആവർത്തിക്കുമ്പോൾ നടപടി റിപ്പോർട്ട് തേടലിൽ അവസാനിക്കുന്നുവെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുമ്പോഴാണ് ഈ കണക്ക് പുറത്തുവന്നത്.
ഈ കാലയളവിൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ലഭിച്ചത് 19 ചികിത്സാപ്പിഴവ് പരാതികൾ. റിപ്പോർട്ട് കിട്ടിയത് 10 എണ്ണത്തിൽ മാത്രം. മെഡിക്കൽ കോളേജുകളിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട് ഡി.എം.ഇയിൽ കിട്ടിയത് 25 പ്രധാന പരാതികൾ. 24 പരാതികളിൽ റിപ്പോർട്ട് തേടി. 23 റിപ്പോർട്ടുകൾ സമർപ്പിച്ചു.
37 ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടിയെടുത്തെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് വിശദീകരിക്കുന്നു. നാല് ഡോക്ടർമാർക്കെതിരെയും മൂന്ന് സ്റ്റാഫ് നഴ്സുമാർക്കെതിരെയും നടപടിയെടുത്തായി ഡി.എം.ഇയും വ്യക്തമാക്കുന്നു. കോഴിക്കോട് ഹർഷീന കേസിൽ ഡോക്ടർമാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതും പാലക്കാട്ട് വിനോദിനിക്ക് കൈ നഷ്ടപ്പെട്ട സംഭവത്തിൽ ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തതും ഇക്കൂട്ടത്തിലുൾപ്പെടും.
പരാതികളിൽ എത്ര പേർക്ക് തുടർചികിത്സയ്ക്കുള്ള നടപടി സ്വീകരിച്ചെന്ന കണക്ക് ആരോഗ്യ വകുപ്പിലില്ല. എത്രപേർക്ക് സഹായധനം നൽകിയെന്നും കണക്കില്ല. പരാതികളുടെ എണ്ണമോ, സ്വീകരിച്ച നടപടികളുടെ വിവരമോ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |