
തിരുവനന്തപുരം: പ്രതിപക്ഷം വികസന വിരുദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ന്യൂനപക്ഷങ്ങളെ തങ്ങൾ കൈവിടാതെ ചേർത്തുപിടിക്കും. സഭാസമ്മേളനം അവസാനിപ്പിക്കുന്ന പ്രമേയാവതരണത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.
സഭയിൽ ചർച്ചയെ ഭയപ്പെടുന്ന പ്രതിപക്ഷത്തിന് നാടിന്റെ വികസനത്തിന് തടസമായ നിലപാടാണ്. കേരളം ഒരിഞ്ച് മുന്നോട്ടുപോവാൻ അവർ സഹായിച്ചിട്ടില്ല. എൽ.ഡി.എഫിനോടുള്ള രാഷ്ട്രീയ വിരോധം കാരണം കേന്ദ്രം സാമ്പത്തികസഹായം നൽകാതെ ഞെരുക്കിയപ്പോൾ പ്രതിപക്ഷം ഒരുമിച്ചു നിന്നില്ല. ഇതുപോലെ വികസനവിരുദ്ധരായ പ്രതിപക്ഷം എവിടെയെങ്കിലുമുണ്ടോ? അധികാരത്തിൽ ഇടതുമുന്നണി അല്ലായിരുന്നെങ്കിൽ ഇത്രയും വികസനമുണ്ടാവുമായിരുന്നോ? 1.10ലക്ഷം കോടിയുടെ പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തത്.
ആശങ്കകളുണ്ടായപ്പോഴെല്ലാം ന്യൂനപക്ഷങ്ങളെ ചേർത്തുപിടിച്ചു. പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച വേറെ ഏതെങ്കിലും സംസ്ഥാനമുണ്ടോ? പത്തുവർഷം വർഗീയ കലാപങ്ങളുണ്ടായില്ല. എല്ലാ വർഗീയ ശക്തികളെയും ഒരേപോലെ നേരിട്ടു.
പ്രതിപക്ഷം ഏതെങ്കിലുമൊരു വർഗീയതയെ ചാരിനിൽക്കുകയാണ്. സർക്കാരിനെതിരേ ആസൂത്രിതമായി നുണ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. ഇക്കാര്യത്തിൽ പ്രതിപക്ഷം ഗീബൽസിനെ തോൽപ്പിച്ചു.
എൽ.ഡി.എഫിന് വസ്‌തുതകളാണ് പ്രധാനം. സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്താൻ ഏതെങ്കിലും ആരോപണമുന്നയിക്കാൻ പ്രതിപക്ഷത്തിനായോ? ആകാവുന്ന വിധത്തിൽ നാടിനെ വളർത്താനും ഉയർത്താനും കഴിഞ്ഞതിൽ തികഞ്ഞ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫ് ലക്ഷ്യം നേമം, കരുവന്നൂർ മോഡൽ
2016ലെ നേമം മോഡലും 2025ലെ കരുവന്നൂർ മോഡലുമാണ് യു.ഡി.എഫിന്റെ ലക്ഷമനസിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാലാണ് കേന്ദ്രത്തിനെതിരേ ശബ്‌ദിക്കാത്തതും കേരളത്തിനു വേണ്ടി ഒന്നിച്ചു നിൽക്കാത്തതും. ബി.ജെ.പിക്കും ആർ.എസ്.എസിനും മനോവിഷമമുണ്ടാക്കുന്ന ചെറിയ കാര്യം പോലും ചെയ്യരുതെന്ന നിർബന്ധം കോൺഗ്രസിനും യു.ഡി.എഫ് നേതാക്കൾക്കുമുണ്ട്. ദേശീയപണിമുടക്കിൽ യോജിക്കാതിരുന്നത് ഇതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |