
തിരുവനന്തപുരം: നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസം വരെ അപേക്ഷ നൽകി വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന ഉറപ്പ് പാലിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണമെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മാർച്ച് 15ന് ശേഷമുള്ള അപേക്ഷകൾ പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താക്കുറിപ്പ്, വോട്ടവകാശമെന്ന ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. ലക്ഷക്കണക്കിന് പേർക്ക് വോട്ടവകാശം നിഷേധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം കാരണമാവും.നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസം വരെ വോട്ട് കൂട്ടിച്ചേർക്കാനുള്ള അവസരം 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23 പൗരന്മാർക്ക് നൽകുന്നു. ഈ തീയതി വരെ അവസരമുണ്ടാവുമെന്ന് സർവകക്ഷി യോഗത്തിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. ഈ ഉറപ്പിന് വിപരീതമായ പത്രക്കുറിപ്പാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചേർക്കാനുള്ള അവസാന തീയതി മുൻകൂട്ടി പൊതുജനങ്ങളെ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവാദിത്തമുണ്ട്. നിശ്ചയിച്ച അവസാന തീയതിക്ക് ഒരാഴ്ചയ്ക്ക് ശേഷം ഈ വിവരം അറിയിക്കുന്നത് നീതികേടാണ്.
എസ്.ഐ.ആറിന്റെ പേരിൽ ദശലക്ഷക്കണക്കിന് പേരെയാണ് വോട്ടർപ്പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.. ഇതിന് പിന്നാലെയാണ് നിയമപരമായ സാദ്ധ്യതയുണ്ടായിട്ടും ആയിരക്കണക്കിന് പേരെ ഒഴിവാക്കാനുള്ള നീക്കം. പരമാവധി ആളുകളെ വോട്ടവകാശം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കേണ്ട കമ്മീഷൻ, അതിന് വിരുദ്ധമായ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |