തിരുവനന്തപുരം: കേരള സർവകലാശാലയിൽ ബിരുദ കോഴ്സുകളിൽ ഇക്കൊല്ലം കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുന്നത് 8651 സീറ്റുകൾ. ബി എസ്സി കോഴ്സുകളിൽ 11810 സീറ്റുകളുള്ളതിൽ 3839 സീറ്റുകൾ കാലിയാണ്. ബി.എ കോഴ്സുകളിൽ13252 സീറ്റുകളുള്ളതിൽ 1781ഉം ബികോമിന്റെ 9333 സീറ്റുകളിൽ 3031ഉം കാലിയാണ്.
ഇക്കൊല്ലം ആകെ കാലിയായ 9501 ബിരുദ സീറ്റുകളിൽ 7965ഉം സ്വാശ്രയ കോളേജുകളിലാണ്. 1536 സീറ്റുകൾ എയ്ഡഡ് കോളേജുകളിൽ ഒഴിഞ്ഞു കിടക്കുന്നു. സർക്കാർ കോളേജുകളിൽ സീറ്റൊഴിവില്ല. ആകെയുള്ള 35245 ബിരുദ സീറ്റുകളിൽ 25744ൽ മാത്രമാണ് പ്രവേശനം നടന്നത്. 800 ബിരുദാനന്തര ബിരുദ സീറ്റുകളും ഇക്കൊല്ലം കാലിയാണ്. സർക്കാരിലും എയ്ഡഡിലും സീറ്റൊഴിവില്ല. 800 സീറ്റുകളും സ്വാശ്രയ കോളേജുകളിലാണ് കാലി. ആകെയുള്ള 4930 പി.ജി സീററുകളിൽ 4130ലാണ് പ്രവേശനം നടന്നത്.
കഴിഞ്ഞ 2 വർഷങ്ങളിലും സീറ്റുകൾ കാലിയായിരുന്നു. 2022ൽ 11794 ബി എസ്സി സീറ്റുകളിൽ 2647ഉം 13237 ബി.എ സീറ്റുകളിൽ 117ഉം 9161 ബികോം സീറ്റുകളിൽ 1211ഉം കാലിയായിരുന്നു. 2021ൽ 11547 ബിഎസ്സി സീറ്റുകളിൽ1131ഉം 12957 ബി.എ സീറ്റുകളിൽ 65ഉം 9031 ബികോം സീറ്റുകളിൽ 172ഉം കാലിയായി. സ്വാശ്രയ കോളേജുകളിൽ പകുതിയിലേറെ പി.ജി സീറ്റുകളിലും പഠിക്കാനാളില്ല.
കേരള വി.സി അനുശോചിച്ചു
തിരുവനന്തപുരം: റിസർവ് ബാങ്ക് മുൻ ഗവർണറും യൂണിവേഴ്സിറ്റി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ എസ്.വെങ്കിട്ട രമണന്റെ നിര്യാണത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അനുശോചിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടിയ അദ്ദേഹം യൂണിവേഴ്സിറ്റി കോളേജിൽ ഒരുവർഷത്തോളം അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |