കോട്ടയം: സത്യത്തിനു വേണ്ടി നിലകൊള്ളുന്ന പത്രമാണ് കേരളകൗമുദിയെന്ന് ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് പറഞ്ഞു. കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ സിൽവർജൂബിലി ആഘോഷം 'രജതോത്സവം' കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടും പിന്നിട്ട് ജനഹൃദയങ്ങൾ കീഴടക്കിയ കേരളകൗമുദി കേരളത്തിന്റെ വികസനത്തിന് ചെയ്ത സംഭാവനകൾ നിസ്തുലമാണ്. ഭൂമിയിലെ ഏറ്റവും ശക്തമായ സ്ഥാപനങ്ങളാണ് മാദ്ധ്യമങ്ങൾ. ജനങ്ങളുടെ മനസിനെ നിയന്ത്രിക്കാൻ മാദ്ധ്യമങ്ങൾക്കു കഴിയും. സർക്കാർ ഇല്ലെങ്കിലും പത്രങ്ങൾ ഉണ്ടായിരിക്കണം. അത്രമേൽ പ്രാധാന്യം പത്രങ്ങൾക്കുണ്ട്. കേരളത്തിൽ പത്രാധിപരെന്നു പറഞ്ഞാൽ അത് കെ. സുകുമാരനാണ്. അത്രയേറെ കർമ്മമേഖലയോട് താദാത്മ്യം പ്രാപിച്ച പത്രാധിപരായിരുന്നു അദ്ദേഹം. വിവാദങ്ങളല്ല വികസനമാണ് വേണ്ടതെന്ന അടിസ്ഥാനതത്വത്തിലൂന്നി മാദ്ധ്യമരംഗത്ത് ശോഭിക്കുന്ന കേരളകൗമുദി സാമൂഹ്യമാറ്റത്തിനായി എന്നും തൂലിക ചലിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിൽവർജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശനവും, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള ആദരവും ഗവർണർ നിർവഹിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ.ബിനു കുന്നത്ത്, കൊശമറ്റം ഫിനാൻസിന് വേണ്ടി ചീഫ് മാനേജർ കോര ഏലിയാസ്, ഏറ്റുമാനൂർ വിമല ഹെൽത്ത് കെയർ ഡയറക്ടർ ഡോ.ജീവൻ ജോസ്, പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ഡോ.കുടമാളൂർ ശർമ്മ, സെന്റ് സേവ്യേഴ്‌സ് സ്‌കൂൾ ഒഫ് നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽസ് ഡയറക്ടർ സിമ്മി മാത്യു, റിട്ട.ആർ.ഡി.ഒ പി.ജി.രാജേന്ദ്ര ബാബു എന്നിവർ ആദരവേറ്റ് വാങ്ങി. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കായി അടരാടിയ കേരളകൗമുദി ജനാധിപത്യ പ്രക്രിയയിൽ ചെയ്തിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്. ഇന്ന് മാദ്ധ്യമരംഗം നിക്ഷിപ്ത താത്പര്യങ്ങളെയും പല അധമപ്രവർത്തനങ്ങളെയും മാർക്കറ്റ് ചെയ്യാനുമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനം നിറുത്തിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സത്യത്തോട് പ്രതിബദ്ധത പുലർത്തുന്ന കാര്യത്തിൽ കേരളകൗമുദി എന്നും മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് ആമുഖ പ്രഭാഷണം നടത്തി. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്വാഗതം പറഞ്ഞു. തുടർന്ന് ജാസി ഗിഫ്റ്റും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ മെഗാഷോയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |