തിരുവനന്തപുരം: പട്ടം സ്വദേശിയായ അരുണിന്റെ ജെർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട അരുമ നായ ടോമി പി.എം.ജിയിലെ എൽ.എം.എസ് കോമ്പൗണ്ടിലെ കേരളീയത്തിന്റെ സ്റ്റാളിലെത്തിയതോടെ ഫുൾ ഉഷാറായി ! പെറ്റ് ഫുഡായ റോയൽ കാനിനും പെഡിഗിരിയും ആവോളം ടോമി നുകർന്നു. സംസ്ഥാനത്ത് ആദ്യമായാണ് വളർത്തുമൃഗങ്ങൾക്കായി ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. വൈവിദ്ധ്യമാർന്ന വിഭവങ്ങൾ ഒമ്പത് സ്റ്റാളുകളിലായി ഇവിടെ ലഭ്യമാണ്. മനുഷ്യർക്ക് ഉന്മേഷം പകരുന്ന ചായ പോലെ മൃഗങ്ങൾക്കായുള്ള സ്പെഷ്യൽ ഡ്രിങ്ക്, ഭക്ഷണത്തിന് രുചി ലഭിക്കാൻ സ്പെഷ്യൽ ക്രീം, ജെല്ലുകൾ എന്നിവയും സ്റ്റാളുകളിലുണ്ട്.
നായകൾക്ക് മാത്രമല്ല കിളികൾക്കും പൂച്ചയ്ക്കും ഭക്ഷണമുണ്ട്. അമേരിക്കൻ ബുള്ളി ഇനത്തിൽപ്പെട്ട വളർത്തുനായയ്ക്ക് ഭക്ഷണം നൽകി മന്ത്രി ജെ.ചിഞ്ചുറാണി പെറ്റ് ഫുഡ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. മനുഷ്യർക്ക് പുറമെ മൃഗങ്ങൾക്കും ഭക്ഷണ വൈവിദ്ധ്യം ആസ്വദിക്കണമെന്നും അതിനുവേണ്ടിയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഫുഡ് ഫെസ്റ്റിവെൽ കമ്മിറ്റി ചെയർമാൻ എ.എ.റഹീം എം.പി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായി. മൃഗസംരക്ഷണ വകുപ്പ് അഡിഷണൽ ഡയറക്ടർമാരായ ഡോ. വിനു, ഡോ. കെ. സിന്ധു, എൽ.എം.ടി.സി പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. റെനി ജോസഫ്, പെറ്റ് ഫുഡ് ഫെസ്റ്റിവൽ കൺവീനർ ടി.ടി. ആശ തുടങ്ങിയവർ സംസാരിച്ചു. പെറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാദിവസവും വൈകിട്ട് നാലര മുതൽ 6 വരെ മൃഗങ്ങളുടെയും പക്ഷികളുടെയും ആഹാരരീതികളെക്കുറിച്ചും പരിപാലനത്തിനെക്കുറിച്ചും വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |