
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനാന്തരീക്ഷവും സൈബർ സുരക്ഷയും ഉറപ്പാക്കാൻ ‘സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ 2026’ പ്രസിദ്ധീകരിച്ച് കൈറ്റ്. നിർമ്മിത ബുദ്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളും സൈബർ കുറ്റകൃത്യങ്ങളും പ്രതിരോധ മാർഗങ്ങളും വിശകലനം ചെയ്താണ് പ്രോട്ടോക്കോൾ തയ്യാറാക്കിയിരിക്കുന്നത്.
ജനറേറ്റീവ് എ.ഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ രഹസ്യ വിവരങ്ങൾ പങ്കുവയ്ക്കുന്നതിലെ അപകടങ്ങളെക്കുറിച്ചുള്ള അവബോധം, ഡിജിറ്റൽ വിവരങ്ങളെ വിവേചനബുദ്ധിയോടെ സമീപിക്കാനുള്ള കഴിവ് വളർത്തൽ, വ്യാജവാർത്തകൾ തിരിച്ചറിയൽ, കുട്ടികളെ ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പൗരന്മാരാക്കുക തുടങ്ങിയ 13 കാര്യങ്ങളാണ് പ്രോട്ടോക്കോൾ ലക്ഷ്യമിടുന്നത്.
‘സർവ്വം എ.ഐ മയം’ പരിശീലനത്തിന്റെ തുടർച്ചയായി അദ്ധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലനങ്ങളും സൈബർ സേഫ്റ്റി ക്ലിനിക്കുകളും സംഘടിപ്പിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. സൈബർ സേഫ്റ്റി പ്രോട്ടോക്കോളിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ www.kite.kerala.gov.inൽ.
മണ്ണംപേട്ട മാതാ എച്ച്.എസിന്
ലിറ്റിൽ കൈറ്റ്സ് അവാർഡ്
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിലെ സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലാതലത്തിൽ മണ്ണംപേട്ട മാതാ എച്ച്.എസ് മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ചാലക്കുടി എസ്.എച്ച്.സി ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, കോട്ടക്കൽ മാള എസ്.സി.ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
193 ഹൈസ്കൂളുകളിലാണ് നിലവിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുള്ളത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ സ്കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതവും പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവുമാണ് പുരസ്കാരം.
യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്കൂൾ വിക്കി, ഹൈടെക് ക്ലാസ്റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും. വിജയികളുടെ പൂർണവിവരം www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |