തിരുവനന്തപുരം: നടുത്തളത്തിലിറങ്ങി ശരണം വിളിയുടെ താളത്തിൽ മുദ്രാവാക്യം വിളി, മന്ത്രിമാർക്കെതിരെ കൂക്കിവിളി. ശബരിമല സ്വർണപ്പാളി വിവാദത്തിൽ രണ്ടാംദിനവും പ്രതിപക്ഷ ബഹളത്തിൽ നിയമസഭ സ്തംഭിച്ചു. ചോദ്യോത്തരവേള മുതൽ തുടങ്ങിയ പ്രതിഷേധത്തിനൊടുവിൽ നാല് ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി 11.15ന് സഭ പിരിഞ്ഞു.
'അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ' എന്നെഴുതിയ ബാനറും പ്ലക്കാർഡുകളുമായാണ് ഇന്നലെയും പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. ചോദ്യോത്തരവേളയിൽ ബഹളം തുടങ്ങിയതോടെ 21-ാംമിനിറ്റിൽ സഭ നിറുത്തിവച്ചു. 9.56ന് വീണ്ടും തുടങ്ങി. ശൂന്യവേള നാലുമിനിറ്റ് നേരത്തെ ആരംഭിച്ചു.
സ്പീക്കർ ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നതോടെ ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലെത്തി. ബാനറുയർത്തി സ്പീക്കറുടെ മുഖം മറച്ചതോടെ സഭാ നടപടികൾ പലപ്പോഴും തടസപ്പെട്ടു. ''കള്ളന്മാരുടെ കോൺക്ലേവ്, കൊള്ളക്കാരുടെ കോൺക്ലേവ്. രാജിവയ്ക്കൂ, പുറത്തു പോകൂ'' തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിപക്ഷം മുഴക്കി. ആദ്യ ശ്രദ്ധക്ഷണിക്കൽ കഴിഞ്ഞതോടെ സബ്മിഷനുകളുടെ മറുപടി മേശപ്പുറത്തുവയ്ക്കാൻ സ്പീക്കർ നിർദ്ദേശിച്ചു.
പ്രസംഗിക്കാനെഴുന്നേറ്റ മന്ത്രി കെ.എൻ.ബാലഗോപാലിനുനേരെ പ്രതിപക്ഷം കൂക്കിവിളിച്ചു. കൂവിത്തോൽപ്പിക്കാമെന്നു കരുതേണ്ടെന്നും താൻ പറയേണ്ടത് പറഞ്ഞിട്ടേ പോകൂയെന്നും മന്ത്രി തിരിച്ചടിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി പി.രാജീവിനെതിരെയും കൂക്കിവിളിയുണ്ടായി. കോടതികളിൽ നിന്ന് തുടർച്ചയായി തിരിച്ചടിയേറ്റതിന്റെ ജാള്യതയാണ് പ്രതിപക്ഷത്തിനെന്ന് അദ്ദേഹം തിരിച്ചടിച്ചു. മന്ത്രി വി.എൻ.വാസവൻ രാജിവയ്ക്കണമെന്നും ദേവസ്വംബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.
സഹകരിക്കണം: സ്പീക്കർ
സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ ആവശ്യപ്പെട്ടു. തുടർച്ചയായ സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷനേതാവ് മുൻകൈയെടുക്കണം. പ്രധാന ബില്ലുകൾ പരിഗണിക്കുമ്പോൾ ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇതേക്കുറിച്ച് ഗൗരവമായ പുന:പരിശോധന വേണമെന്നും വ്യക്തമാക്കി.
''ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ശേഷവും നടത്തുന്ന സമരം പ്രതിഷേധാർഹമാണ്
-മന്ത്രി പി.രാജീവ്
''പ്രതിപക്ഷത്തിന്റെ ലക്ഷ്യം പുകമറയുണ്ടാക്കുകയാണ്. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ കാര്യങ്ങൾ പുറത്തുവരട്ടെ
-മന്ത്രി കെ.എൻ.ബാലഗോപാൽ,
'ഹിന്ദിയിലെ മുദ്രാവാക്യം
ഡൽഹിയിൽ അറിയിക്കാൻ'
തിരുവനന്തപുരം: സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ''ചോർ ഹെ, ചോർ ഹെ, എൽ.ഡി.എഫ് ചോർ ഹെ '' (ഭരണപക്ഷം കള്ളന്മാർ) എന്ന് ഹിന്ദിയിലും '' ഗോ ബാക്ക്, ഗോ ബാക്ക്, എൽ.ഡി.എഫ് ഗോ ബാക്ക് എന്ന് ഇംഗ്ലീഷിലും നിയമസഭയിൽ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം. ഹിന്ദിയിലുള്ള മുദ്രാവാക്യം ഡൽഹിയിലെ എ.ഐ.സി.സി നേതൃത്വത്തിന് മനസിലാകാനാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പരിഹാസം. വയനാട്ടിലെ പുനരധിവാസത്തിന് സഹായം നൽകാത്ത മോദിക്കെതിരെ ''കം ഹേ, കം ഹേ, എൻ.ഡി.ആർ.എം.എഫ് കം ഹേ'' (കേന്ദ്രസഹായം കുറവാണ്) എന്നുകൂടി ഹിന്ദിയിൽ മുദ്രാവാക്യം വിളിക്കണമെന്നും ഉപദേശം.
''സ്വർണം കട്ട വകുപ്പേതാ, പറയൂ പറയൂ സ്പീക്കറേ, പ്രതിഷേധങ്ങൾ കാണുന്നില്ലേ'' എന്ന് സ്പീക്കർക്കെതിരെയും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഹിന്ദിയിലെ മുദ്രാവാക്യം വിളിയുടെ വീഡിയോ എടുത്ത് ഡൽഹിയിലുള്ളവർക്ക് കൊടുക്കാമെന്നും കേരളത്തിൽ ചെലവാകില്ലെന്നും മന്ത്രി ബാലഗോപാൽ. ആർ.എസ്.എസ് സമരത്തിലും ഇതേ മുദ്രാവാക്യമാണ് ഉയർന്നത്. ഒരേ ആൾ എഴുതിക്കൊടുത്തതാണോ എന്നറിയില്ലെന്നും പരിഹസിച്ചു.
പണ്ട് ഏറ്റുമാനൂരപ്പന്റെ വിഗ്രഹം മോഷ്ടിച്ചത് കെ.എസ്.യു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന സ്റ്റീഫനായിരുന്നു. ഈ നാട്ടിൽ ദൈവങ്ങൾക്കും ദൈവവിശ്വാസികൾക്കും ഏറ്റവുമധികം വിശ്വസിക്കാവുന്നത് എൽ.ഡി.എഫ് സർക്കാരിനെയാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |