
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയുടെ നടുത്തളത്തിൽ കുത്തിയിരുന്നും സ്പീക്കർക്ക് മുന്നിൽ ബാനറുയർത്തിയും പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തുടങ്ങിയപ്പോഴേ പ്രതിപക്ഷം പ്ലക്കാർഡുകളുമായി മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ അസാന്നിദ്ധ്യത്തിൽ കെ.ബാബുവായിരുന്നു സംസാരിച്ചത്.
സ്വർണക്കൊള്ളയിൽ പ്രതികൾക്കെല്ലാം കൂട്ടത്തോടെ ജാമ്യംകിട്ടി പുറത്തിറങ്ങുകയാണെന്നും ദേവസ്വംമന്ത്രി രാജിവയ്ക്കുംവരെ സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്നും ബാബു പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയെങ്കിലും സ്പീക്കർ നടപടികൾ തുടർന്നു.
മന്ത്രിമാരായ പി.രാജീവും എം.ബി.രാജേഷും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷ വിമർശനം ഹൈക്കോടതിക്ക് എതിരെയാണെന്ന് മന്ത്രി രാജീവ് പറഞ്ഞു. തെറ്റുചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സർക്കാരിന്റെ നിലപാട്. ഇത് പ്രതിപക്ഷത്തിന് മാത്രം മനസിലാവുന്നില്ല. രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ് സമരമെന്നും പറഞ്ഞു. തന്ത്രിയെ അറസ്റ്റു ചെയ്തതു മുതൽ യു.ഡി.എഫും ബി.ജെ.പിയും അസ്വസ്ഥരാണെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
ശൂന്യവേളയിലെ നടപടികളിലേക്ക് സ്പീക്കർ കടന്നതോടെ 'അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ' എന്നെഴുതിയ ബാനർ സ്പീക്കർക്ക് മുന്നിൽ ഉയർത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. അൻവർസാദത്ത് സ്പീക്കറുടെ വേദിയിലേക്കുള്ള പടികൾ കയറിയെങ്കിലും വാച്ച് ആൻഡ് വാർഡ് തടഞ്ഞു. നിയമസഭയുടെ അവസാന സെഷനാണെന്നും സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
ബഹളം തുടർന്നതോടെ സബ്മിഷനുകൾക്കുള്ള മറുപടികൾ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. കെ.ബാബു പ്രസംഗിക്കാൻ എഴുന്നേറ്റെങ്കിലും സ്പീക്കർ മൈക്ക് നൽകിയില്ല. അതോടെ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പിന്നാലെ 5ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി സഭ വേഗത്തിൽ പിരിഞ്ഞു.
അവിശ്വാസ പ്രമേയത്തിന് വെല്ലുവിളിച്ച് രാജീവ്
സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മന്ത്രി പി.രാജീവ്. അതിന് പ്രതിപക്ഷത്തിന് ധൈര്യമില്ലെന്നും ഏത് പ്രമേയം ചർച്ചയ്ക്കെടുത്താലും ഉള്ളി തൊലിച്ചതു പോലെയാവുമെന്നും പറഞ്ഞു.
നിയമസഭാ സമ്മേളനം ഇന്നു പിരിയും
പതിനഞ്ചാം നിയമസഭയുടെ അവസാന സെഷൻ ഇന്ന് സമാപിക്കും. മാർച്ച് 26വരെ നിശ്ചയിച്ചിരുന്ന പതിനാറാം സമ്മേളനം ശബരിമല സ്വർണക്കൊള്ള വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇന്ന് ഗില്ലറ്റിൻ ചെയ്യാനാണ് ധാരണ. ഇടവേളയ്ക്ക് ശേഷം ഇന്നലെ സമ്മേളനം പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിച്ചിരുന്നു. ബഹളത്തിനിടെ ഇന്നലെ അവതരിപ്പിച്ച നേറ്റിവിറ്റി കാർഡ് ബിൽ അടക്കം അഞ്ച് ബില്ലുകൾ ഇന്നലെത്തന്നെ സബ്ജക്ട് കമ്മിറ്റി ചേർന്ന് അംഗീകരിച്ചിരുന്നു. റിപ്പോർട്ട് ഇന്ന് സഭയിൽ വച്ച ശേഷം ചർച്ചയില്ലാതെ അഞ്ച് ബില്ലുകളും പാസാക്കും. തുടർന്ന് ധനാഭ്യർത്ഥനകളെല്ലാം ചർച്ചയില്ലാതെ പാസാക്കും. തുടർന്ന് പതിനഞ്ചാം നിയമസഭയുടെ അവലോകനം സ്പീക്കർ സഭയിൽ വായിക്കും. പിന്നാലെ ദേശീയഗാനം പാടി സഭ പിരിയും. നേരത്തേ ഗ്രൂപ്പ് ഫോട്ടോയെടുത്തതിനാൽ അവസാനദിവസം ഫോട്ടോ സെഷൻ ഉണ്ടായിരിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരം പ്രഖ്യാപിക്കാനിരിക്കെ, എം.എൽ.എമാർക്ക് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് സമ്മേളനം ഗില്ലറ്റിൻ ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |