കോഴിക്കോട്: വെള്ളിയാഴ്ച രാത്രി പൊട്ടിത്തെറിയുണ്ടായതിന്റെ ആശങ്കമാറും മുമ്പ് കോഴിക്കോട്
മെഡിക്കൽ കോളേജിലെ ആറാം നിലയിലെ ഐ.സി.യു ബ്ലോക്കിൽ വീണ്ടും തീപിടിത്തം. ഓപ്പറേഷൻ തിയേറ്റർ അടക്കം സജ്ജമാക്കുന്നതിന്റെ ഭാഗമായി ഇവിടെ രോഗികളെ പാർപ്പിച്ചിരുന്നില്ല. അതിനാൽ വലിയ അത്യാഹിതം ഒഴിവായി. ബെഡ്, ലെെറ്റുകൾ അടക്കം പൂർണമായും കത്തിനശിച്ചു.
ഇതോടെ രണ്ടുവർഷം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ആരോപണമുയർന്നു. ആറാംനിലയിലെ 15-ാം നമ്പർ കാർഡിയോ തൊറാസിക് മുറിയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപടർന്നത്. ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് ഉടൻ തീ കെടുത്തിയതിനാൽ മറ്റിടങ്ങളിലേക്ക് പടരുന്നത് തടയാനായി. ഫയർഫോഴ്സും സ്ഥലത്തെത്തി.
മൂന്ന്, നാല് നിലകളിലുണ്ടായിരുന്ന രോഗികളെ ആകാശപാതയിലൂടെ ആശുപത്രിയിലെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിലാണ് പൊട്ടിത്തെറിയുണ്ടായത്. തുടർന്ന് മെഷീനുകൾ കണക്ട് ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം ഇന്നലെ ഇവിടെ പരിശോധന നടത്തിക്കൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. പരിശോധനയുടെ ഭാഗമായി തൊറാസിക് മുറിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ലെെറ്റ് ഓൺ ചെയ്ത ഉടൻ അനസ്തേഷ്യ പെന്റന്റിൽ ഷോർട്ട് സർക്യൂട്ടുണ്ടായി തീ പടരുകയായിരുന്നു എന്നാണ് നിഗമനം.
കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ഇവിടെ നിന്ന് മറ്റ് വാർഡുകളിലേക്ക് മാറ്റിയ 20 ഓളം രോഗികളെ നാലാം നിലയിലെ ന്യൂറോ സർജറി വിഭാഗത്തിലും മൂന്നാം നിലയിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലും വീണ്ടും പ്രവേശിപ്പിച്ചിരുന്നു. ഇവരെ സുരക്ഷിതമായി മറ്റ് വാർഡുകളിലേക്ക് മാറ്റി.
മന്ത്രി വിശദീകരണം തേടി
കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് സുരക്ഷാ പരിശോധനകൾ നടക്കവേ, സർക്കാർ അനുമതിയില്ലാതെ കെട്ടിടത്തിന്റെ 2, 3, 4 നിലകളിൽ രോഗികളെ പ്രവേശിപ്പിച്ചതിൽ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടി. പരിശോധന പൂർത്തിയാക്കുന്നതിന് മുമ്പ് രോഗികളെ ഇവിടെ പ്രവേശിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |