തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള 25കോടിയുടെ തിരുവോണം ബമ്പർ വിപണിയിലിറക്കി. സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം നിർവ്വഹിച്ചു.
ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിതമാർഗമാണെന്നും നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പറിന്റെ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്. ടിക്കറ്റ് വില 500 രൂപ. സെപ്തംബർ 27നാണ് ഒാണം ബമ്പർ നറുക്കെടുപ്പ് .
ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എയും പങ്കെടുത്തു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം പറഞ്ഞു. ലോട്ടറി വെൽഫെയർ ബോർഡ് ചെയർമാൻ ടി.ബി.സുബൈർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |