തിരുവനന്തപുരം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ(കെ.പി.ഒ.എ) 35-ാം സംസ്ഥാന സമ്മേളനം ഇന്നാരംഭിക്കും. രാവിലെ 9.30ന് നാലാഞ്ചിറ കോട്ടയ്ക്കാട്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 മുതൽ കവി പ്രൊഫ.വി.മധുസൂദനൻ നായർ 'നമുക്ക് കേൾക്കാം' എന്ന പരിപാടിയിൽ സംസാരിക്കും.
നാളെ വൈകിട്ട് 6ന് 'എ.ഐയും പൊലീസും' എന്ന വിഷയത്തിൽ ഡോ.അച്യുത് ശങ്കർ.എസ്.നായർ സംസാരിക്കും. 28ന് രാവിലെ 9.30ന് നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ യാത്രയയപ്പ് സമ്മേളനം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് 'നവകേരളം വികസനം,പൊലീസ്' എന്ന വിഷയത്തിൽ മന്ത്രി പി.രാജീവ് സംസാരിക്കും. വൈകിട്ട് 4ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പരമ്പരാഗത ഘടന
പൊളിച്ചെഴുതണം
പൊലീസിലെ പരമ്പരാഗത ഘടന പൊളിച്ചെഴുതണമെന്നും അംഗബലം വർദ്ധിപ്പിക്കണമെന്നും കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്ത്,ജനറൽ സെക്രട്ടറി സി.ആർ.ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിക്കും.
പൊലീസിന്റെ ജോലിഭാരം ലഘൂകരിക്കാൻ 15,000 പേരെ കൂടി അധികമായി നിയമിക്കണം. ക്രമസമാധാനച്ചുമതല വഹിക്കുന്നതിന് 20,000 പൊലീസുകാർ മാത്രമാണ് നിലവിലുള്ളത്. അംഗബലം കൂട്ടിയാൽ പൊലീസിലും ജോലിസമയം എട്ടു മണിക്കൂറായി ക്രമീകരിക്കാം. നിലവിൽ നൈറ്റ് പെട്രോളിംഗ് അടക്കം അഞ്ചോളം ജോലികളാണ് പൊലീസുകാർ ദിവസേന ചെയ്യുന്നത്. പൊലീസുകാർ ഏറ്റവുമധികം ആക്രമിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം.ജനങ്ങൾക്ക് പൊലീസിനോടുള്ള മനോഭാവം മാറണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ കെ.പി.ഒ.എ ഭാരവാഹികളായ പ്രേംജി.കെ.നായർ, വി.ചന്ദ്രശേഖരൻ, പി.രമേശൻ, പി.പി.മഹേഷ്, എസ്.എസ്.ജയകുമാർ എന്നിവരും പങ്കെടുത്തു.
ജൂലായ് ഒന്നിന്
കരിദിനം ആചരിക്കും:
കെ.ജി.ഒ.എഫ്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരേണ്ട ദിവസം കഴിഞ്ഞ് ഒരു വർഷം പിന്നിടുന്ന ജൂലായ് ഒന്നിന് സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിക്കാൻ കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്) തീരുമാനിച്ചു. അന്ന് സെക്രട്ടേറിയറ്റിന് മുമ്പിൽ മാർച്ചും ധർണയും നടത്തും.
പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിച്ച് 2024 ജൂലായ് ഒന്നു മുതൽ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കേണ്ടതായിരുന്നു. എന്നാൽ കമ്മിഷനെ നിയമിക്കാൻ പോലും ഇതേവരെ സർക്കാർ തയ്യാറായിട്ടില്ല. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |