തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാസാദ്യം തന്നെ ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ വാഗ്ദാനം പാലിക്കാൻ മാനേജ്മെന്റിന്റെ നെട്ടോട്ടം. 76 കോടിയാണ് ശമ്പളത്തിന് വേണ്ടത്. കൈയിലുള്ളത് സർക്കാർ നൽകിയ 30 കോടി മാത്രം. അഞ്ചുദിവസത്തെ ഇന്ധന വില നൽകുന്നതിനുള്ള സാവകാശം ഓയിൽ കമ്പനിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അനുവദിച്ചാൽ 22 കോടി വകമാറ്റാം. അങ്ങനെയെങ്കിൽ ശേഷിക്കുന്നത് ഓവർ ഡ്രാഫ്റ്റുകൂടി എടുത്ത് 16നോ 17നോ ശമ്പളം നൽകാനാകുമെന്നാണ് മാനേജ്മെന്റ് കരുതുന്നത്.
ഓണത്തിനു മുമ്പ് ഫുൾ ശമ്പളം നൽകിയത് ഓയിൽ കമ്പനിയോട് കടം പറഞ്ഞിട്ടാണ്.
സർക്കാരിന്റെ പ്രതിമാസ ധനസഹായം 30 കോടിയായി നിജപ്പെടുത്തിയിരിക്കുകയാണ്. അതും അധികനാൾ തുടരാനാകില്ലെന്നാണ് ധനവകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതിനാൽ, സ്വന്തം നിലയ്ക്ക് ശമ്പളത്തിനുള്ള വക കണ്ടെത്തിയേ തീരൂ. കഴിഞ്ഞ മാസം 12നാണ് ശമ്പളം നൽകിയത്. ഇത്തവണ മാസം പകുതിയാകാറായിട്ടും അതിനുള്ള ശ്രമത്തിലാണ്. ശമ്പളം വൈകുന്നതിനാൽ സമരത്തിനൊരുങ്ങുകയാണ് ജീവനക്കാരുടെ സംഘടനകൾ.
ശമ്പളത്തുകയ്ക്കായുള്ള
ശ്രമങ്ങളും തടസവും
1.കേരള ബാങ്കിനെ ബാങ്ക് കൺസോർഷ്യത്തിൽ ഉൾപ്പെടുത്തി 100 കോടി കടമെടുക്കാനുളള ആലോചന പുരോഗമിക്കുന്നു. എന്നാൽ, കൺസോർഷ്യം പലിശ നിരക്ക് കേരളബാങ്കിന്റെ നിലവിലെ പലിശയേക്കാൾ കുറവായതിനാൽ സർക്കാർ അനുവാദം വേണം
2.വായ്പ തിരിച്ചടച്ച കണക്കിൽ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന്
450 കോടികൂടി കടമെടുക്കാൻ ശ്രമം. എന്നാൽ, ബാങ്കുകൾ സമ്മതം അറിയിച്ചിട്ടില്ല
3.അധിക ധനസഹായത്തിനായി സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |