മലപ്പുറം: വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് പള്ളുരുത്തി സ്‌കൂളിൽ ഉണ്ടായ പ്രശ്നമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവം കേരളത്തിന് അപമാനകരമാണ്. നിയമം മാത്രം നോക്കിയാൽ പോരല്ലോ. മറിച്ച് ഒരു ഗിവ് ആൻഡ് ടേക്ക് പോളിസിയിൽ പോകേണ്ട കാര്യമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാടാണ് വേണ്ടത്. ഛത്തിസ്‌ഗഢിലെ കാര്യം നമ്മൾ പറയുമ്പോൾ കേരളത്തിൽ ഇങ്ങനെയൊരു ഉദാഹരണം ഉണ്ടായത് നാണക്കേടാണ്. ഭരിക്കുന്ന സർക്കാർ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. ശിവൻകുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തി. അതുകൊണ്ട് കാര്യമില്ലല്ലോ. വിദ്യാർത്ഥിയുടെ പഠനം മുടങ്ങിയില്ലേ. ഓപ്പറേഷൻ സക്സസ്, പക്ഷേ, രോഗി മരിച്ചു... അതാണ് അവസ്ഥയെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹിജാബ് വിവാദത്തിൽ ആദ്യം അഭിപ്രായം പറയാതിരുന്നത് ചില ഛിദ്രശക്തികൾ ഇടപെടുന്നുവെന്ന് മനസ്സിലാക്കിയാണ്. പക്ഷേ, അത് വന്നുപതിച്ചത് ഒരു വിദ്യാർത്ഥിയുടെ പഠനം മുടങ്ങുന്നതിലാണ്. ഇത്തരം വിഭാഗീയ പ്രവർത്തനം വിജയിക്കാൻ പാടില്ലാത്തതാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |