തിരുവനന്തപുരം: വിദേശത്ത് സ്ഥിരതാമസമാക്കിയവരുടെ പേരിലുള്ളതും ഉടമകൾ ദീർഘകാലമായി ശ്രദ്ധിക്കാതെ കിടക്കുന്നതുമായ വസ്തുവകകൾ വ്യാജരേഖ ചമച്ച് തട്ടിയെടുക്കുന്ന സംഘം തലസ്ഥാന ജില്ലയിൽ വേരുറപ്പിക്കുന്നു. ചിറയിൻകീഴ്, വർക്കല താലൂക്കുകളിലായി നൂറു കണക്കിന് സ്വകാര്യ ഭൂമി ഈ സംഘം കൈവശപ്പെടുത്തി. മറ്റു ജില്ലകളിലും സമാന തട്ടിപ്പ് നടക്കുന്നതായി ആക്ഷേപമുണ്ട്. റവന്യു അധികൃതർക്ക് ലഭിച്ച രഹസ്യവിവരമാണിത്. റവന്യു വകുപ്പിൽ നിന്ന് വിരമിച്ചവരും സർവ്വീസിൽ ഉള്ളവരുമായ ചിലരുടെ ഒത്താശ ഈ മാഫിയയ്ക്കുണ്ടെന്നാണ് അറിയുന്നത്.
അന്യകൈവശം (അഡ്വേഴ്സ് പൊസഷൻ) എന്ന നിയമ വ്യവസ്ഥ ദുരുപയോഗം ചെയ്താണ് തട്ടിപ്പ്.
12 വർഷത്തിൽ കൂടുതൽ ഒരു വ്യക്തി തുടർച്ചയായും പരസ്യ തർക്കങ്ങളില്ലാതെയും കൈവശം വച്ചിട്ടുള്ള ഭൂമിക്ക് നികുതി അടയ്ക്കാൻ തണ്ടപ്പേർ അവകാശം നൽകാൻ 1966-ലെ പോക്കുവരവ് ചട്ടങ്ങളിലെ ചട്ടം 28 പ്രകാരം വ്യവസ്ഥയുണ്ട്. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് വില്ലേജ് ഓഫീസർ മുഖേന അന്വേഷണം നടത്തിയും പ്രദേശവാസികളിൽ നിന്നുള്ള മൊഴി ഉൾപ്പെടെ തെളിവുകളുടെ അടിസ്ഥാനത്തിലും തഹസീൽദാരാണ് അന്യകൈവശം അനുവദിക്കുന്നത്. പക്ഷേ, കൈവശക്കാരന് ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിക്കില്ല, കരം അടയ്ക്കൽ മാത്രമേ സാധിക്കൂ. തഹസീൽദാരുടെ ഈ അനുമതി ഉപയോഗിച്ച് വ്യജ ആധാരം ചമച്ചാണ് ഇത്തരം ഭൂമികൾ സ്വന്തമാക്കി മറിച്ചു വിൽക്കുന്നത്. തട്ടിപ്പ് കണ്ടെത്തി നടപടി സ്വീകരിക്കാൻ തുടങ്ങിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് ഇതിനുപിന്നിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.
തട്ടിപ്പിന്റെ വഴി ഇങ്ങനെ
വർഷങ്ങളായി നികുതി അടയ്ക്കാതെയുള്ള ഭൂമികൾ വില്ലേജ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ടെത്താനാവും. സർവെ നമ്പരും വിസ്തീർണവും ഉടമയുടെ വിലാസവും അടക്കമുള്ള കാര്യങ്ങൾ ശേഖരിക്കും. ഉടമ നാടുവിട്ടതോ, വിദേശത്ത് സ്ഥിരതാമസമാക്കിയതോ എന്ന് ഉറപ്പായാൽ അന്യകൈവശ ഭൂമി എന്ന് അവകാശപ്പെട്ട് അപേക്ഷ നൽകും. വ്യാജ അപേക്ഷകന്റെയോ അല്ലെങ്കിൽ വസ്തു കൈമാറ്റം ചെയ്യേണ്ട വ്യക്തിയുടെ പേരിലോ ആവും അപേക്ഷിക്കുക. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും പറഞ്ഞു പഠിപ്പിച്ച സാക്ഷികളെ ഹാജരാക്കിയും വില്ലേജ് ഉദ്യോഗസ്ഥരെ കൊണ്ട് വ്യാജറിപ്പോർട്ട് തയ്യാറാക്കും. റിപ്പോർട്ട് താലൂക്ക് ഓഫീസിൽ ലഭിച്ചാൽ, ഭൂമിക്ക് തണ്ടപ്പേർ അക്കൗണ്ട് അനുവദിക്കുന്നതിൽ ആക്ഷേപമുള്ളവർ 15 ദിവസത്തിനകം അറിയിക്കണമെന്നുള്ള പൊതു നോട്ടീസ് തഹസീൽദാർ ഇറക്കും. വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലെ ബോർഡിൽ പതിക്കേണ്ട ഈ നോട്ടീസ് തട്ടിപ്പ് സംഘം തന്നെ കൈപ്പറ്റി നശിപ്പിക്കുന്ന രീതിയുമുണ്ട്.
നിയമലംഘനം?
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 296 പ്രകാരം ഉപേക്ഷിക്കപ്പെട്ടതോ അവകാശികളില്ലാതെ അന്യം നിന്നതോ ആയ എല്ലാ സ്വകാര്യ ഭൂമികളും സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാവും. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടതോ അന്യം നിന്നതോ ആയ ഭൂമികൾ സംബന്ധമായ നടപടികൾ സ്വീകരിക്കേണ്ടത് വില്ലേജ്, താലൂക്ക് ഉദ്യോഗസ്ഥരാണ്. അവർ ഇടപെട്ട് സർക്കാരിൽ മുതൽക്കൂട്ടേണ്ടുന്ന ഇത്തരം ഭൂമികൾ സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ ചില അധികാരികൾ ഒത്താശ ചെയ്യുന്നതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |