തിരുവനന്തപുരം: കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഇടുക്കി ജില്ലയിലെ പട്ടയ പ്രശ്‌നത്തിനു പൂർണ പരിഹാരമാവും. 1977 ജനുവരി ഒന്നിനു മുൻപ് വനഭൂമി കൈവശം വച്ചിട്ടുള്ളവർക്കാണ് നിലവിൽ പട്ടയം നൽകുന്നത്.
റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധനകൾക്കു ശേഷം കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് വനഭൂമിക്ക് 1993ലെ ഭൂപതിവു ചട്ടപ്രകാരം പട്ടയം നൽകുന്നത്. ഭൂമി കൈവശമുള്ളവർ വാണിജ്യ ആവശ്യത്തിനുള്ള കടകളും മറ്റും നിർമ്മിച്ചിരുന്നു. വീട് നിർമ്മാണം, കാർഷികാവശ്യം, ചെറിയകടകൾ എന്നിവയ്ക്കു പട്ടയം നൽകാൻ 2009ൽ റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിറക്കി. പിന്നാലെ എത്ര വിസ്തൃതിയുള്ള കടകൾക്ക് വരെ പട്ടയം അനുവദിക്കാമെന്ന് വ്യക്തത ആവശ്യപ്പെട്ട് അന്നത്തെ ഇടുക്കി ജില്ലാ കളക്ടർ സർക്കാരിനു കത്ത് നൽകിയിരുന്നു. നിയമത്തിൽ പരാമർശമില്ലാത്തതിനാൽ ചെറിയകടകൾക്ക് പട്ടയം നല്കാമെന്ന 2009ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ വനഭൂമിയിലെ പട്ടയം അനുവദിക്കൽ തടസപ്പെട്ടു. കടകൾക്ക് എത്ര വിസ്തൃതി ആകാമെന്ന വിഷയമാണ് മന്ത്രിസഭ പരിഗണിച്ചത്. ചട്ടത്തിൽ ഭേദഗതി വരുത്തുകയോ വിസ്തൃതി നോക്കാതെ കടകൾക്ക് പട്ടയം നല്കുകയോ വേണമെന്നായിരുന്നു റവന്യൂ വകുപ്പ് ആവശ്യപ്പെട്ടത്. ഇതേത്തുടർന്നാണ് കൈവശ ഭൂമിയിൽ നിർമ്മാണ പ്രവൃത്തികൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിസ്തൃതി പരിഗണിക്കാതെ പട്ടയം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. 1977നു മുമ്പ് വനഭൂമി കൈവശം വച്ചിട്ടുള്ള 20,000 പേർക്കെങ്കിലും പട്ടയം നൽകാനുണ്ടെന്നും അതിൽ ഭൂരിഭാഗം പേർക്കും ഗുണം ലഭിക്കുമെന്നും റവന്യു അധികൃതർ മന്ത്രിസഭായോഗത്തെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |