തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ സി.ബി.ഐ അന്വേഷണം സംസ്ഥാന സർക്കാരിലേക്ക് എത്തും. കോടതിയിൽ ഹാജരാക്കിയ ശിവശങ്കറിനെ അഞ്ചു ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കയാണ്.
അഴിമതി നിരാേധനനിയമപ്രകാരം ആയിരിക്കും സി.ബി.ഐയുടെ പുതിയ കേസ്. ഭരണതലത്തിലെ ആരെവേണമെങ്കിലും ചോദ്യം ചെയ്യാം. വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമം ലംഘിച്ചതിനും അതിനുവേണ്ടി ഗൂഢാലോചന നടത്തിയതിനുമാണ് നിലവിലെ സി.ബി.ഐ കേസ് . ഇതിൽ പ്രതിസ്ഥാനത്തുള്ളത് വടക്കാഞ്ചേരിയിലെ നിർമ്മാണ കരാർ ലഭിച്ച യൂണി ടെക് എം.ഡി സന്തോഷ് ഈപ്പൻ മാത്രമാണ്. 4.48കോടി കോഴ കൊടുത്തെന്ന് വെളിപ്പെടുത്തിയത് സന്തോഷ് ഈപ്പനാണ്. ആ കോഴയിലെ ഒരു കോടിയാണ് തന്റെ ബാങ്ക് ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപയെന്നും അത് ശിവശങ്കറിന് ലഭിച്ചതാണെന്നും സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുപിടിവള്ളിയാക്കി അഴിമതിക്കുരുക്ക് ഒരുക്കാൻ സി.ബി.ഐയ്ക്കും കള്ളപ്പണ ഇടപാടിന് കേസെടുക്കാൻ ഇ.ഡിക്കും അവസരം കിട്ടി. 4.48 കോടി കോഴ ആരൊക്കെ പങ്കിട്ടെന്ന് അറിയാനാണ് ഇ.ഡി. ശിവശങ്കറിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യുന്നത്. അതുവഴി ഉന്നതരിലേക്ക് എത്താമെന്ന് രണ്ട് അന്വേഷണ ഏജൻസികളും കണക്കുകൂട്ടുന്നു.
വിദേശസഹായം സ്വീകരിക്കാൻ സർക്കാർ ഉപയോഗിച്ച ബിനാമി സ്ഥാപനമാണ് യൂണിടാക്കെന്നും കള്ളപ്പണം വെളുപ്പിക്കലടക്കം ലക്ഷ്യമിട്ട് അധോലോക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
സി.ബി.ഐയുടെ കണ്ടെത്തൽ
1.നിർമ്മാണക്കരാറുകാരനെ ലൈഫ് മിഷനുമായി ബന്ധപ്പെടുത്തിയത് ശിവശങ്കർ.
2.കോഴപ്പണം കൈമാറിയതിനു പിന്നാലെ, ശിവങ്കറിനെ കമ്പനിയുടമ സെക്രട്ടേറിയറ്റിലെത്തി കണ്ടശേഷമാണ് കരാർ ലഭിച്ചത്.
3.ശിവശങ്കറിനുള്ള കോഴയായി ഒരുകോടിരൂപ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദാണ് സ്വപ്നയ്ക്ക് നൽകിയത്.
4.പ്ലാൻ കണ്ടപ്പോഴാണ് കരാർ യൂണിടാകിനാണെന്ന് അറിഞ്ഞതെന്ന് ലൈഫ് മിഷൻ മേധാവി യു.വി.ജോസിന്റെ മൊഴി അട്ടിമറിക്ക് തെളിവ്.
സർക്കാരിന്റെ 4 വെല്ലുവിളി
1.സ്വർണക്കടത്തിന് സർക്കാരുമായി ബന്ധമില്ലാത്തതിനാൽ കൈമലർത്താൻകഴിഞ്ഞു. എന്നാൽ ലൈഫ് മിഷൻ സർക്കാർ പദ്ധതിയാണ്. ചെയർമാൻ മുഖ്യമന്ത്രിയാണ്.
2.മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്താം. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാം. അറസ്റ്റും കുറ്റപത്രവും വരെ എത്താം. പേഴ്സണൽ സ്റ്റാഫിലേക്ക് അതു നീണ്ടാൽ തിരിച്ചടിയാവും.
3. ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതിവേണം. അതു നിഷേധിച്ചാൽ സി.ബി.ഐ കോടതിയിൽ പോയി അതുനേടാം.
4. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ഫയലുകൾ കസ്റ്റഡിയിലെടുത്തെങ്കിലും സി.ബി.ഐ സുപ്രീം കോടതിയിൽപോയി ഫയലുകൾ കൈക്കലാക്കിയ അനുഭവം മുന്നിലുണ്ട്.
ശിവശങ്കർ മിണ്ടുന്നില്ല
എം. ശിവശങ്കർ അന്വേഷണത്തോട് ഒട്ടും സഹകരിക്കുന്നില്ലെന്ന് ഇന്നലെ ഇ.ഡി. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ സമർപ്പിച്ച അറസ്റ്റ് റിപ്പോർട്ടിൽ ബോധിപ്പിച്ചു. തിങ്കളാഴ്ച മുതൽ കൊച്ചിയിൽ ചോദ്യം ചെയ്തുവന്ന ശിവശങ്കറിന്റെ അറസ്റ്റ് ചൊവ്വാഴ്ച അർദ്ധരാത്രിയിലാണ് രേഖപ്പെടുത്തിയത്.ഫെബ്രുവരി 20 വരെ കസ്റ്റഡിയിൽ വാങ്ങി.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കേസ്.അഞ്ചാം പ്രതിയാണ് ശിവശങ്കർ. യൂണിടാക് എം.ഡി സന്തോഷ് ഈപ്പനാണ് ഒന്നാംപ്രതി. സ്വപ്ന സുരേഷ് രണ്ടാംപ്രതി , പി.എസ് . സരിത്തും സന്ദീപ് നായരുമാണ് മൂന്നും നാലും പ്രതികൾ.
തിരുവനന്തപുരം സ്വദേശി യദു കൃഷ്ണയെ ആറാം പ്രതിയാക്കി കഴിഞ്ഞ ദിവസം ഉൾപ്പെടുത്തി. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ സരിത്തിന് പരിചയപ്പെടുത്തിയതിന് പ്രതിഫലമായി മൂന്ന് ലക്ഷം രൂപ കമ്മിഷൻ കൈപ്പറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |