SignIn
Kerala Kaumudi Online
Sunday, 13 September 2026 4.52 AM IST

പോത്തൻകോട് സുധീഷ് വധക്കേസ്; പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം, നിർണായകമായത് സിസിടിവി ദൃശ്യം

READ ENGLISH VERSION
sudheesh-murder-case

തിരുവനന്തപുരം: പോത്തൻകോട് വീട് വെട്ടിപ്പൊളിച്ചുകയറി, യുവാവിനെ കൊന്ന് കാൽ വെട്ടിയെടുത്ത് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം. പോത്തൻകോട് ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷാണ് കൊല്ലപ്പെട്ടത്. കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് നെടുമങ്ങാട് സ്‌പെഷ്യൽ സെഷൻസ് കോടതി ജഡ്ജി എ.ഷാജഹാൻ കഴിഞ്ഞദിവസം വിധിച്ചിരുന്നു. പ്രതികളിൽ നിന്നുള്ള പിഴ തുക സുധീഷിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.

കേസിലെ ഒന്ന് മുതൽ 11 വരെയുള്ള പ്രതികളായ മങ്കാട്ടുമൂല എസ് എസ് ഭവനിൽ സുധീഷ് ഉണ്ണി, കുടവൂര്‍ ഊരുക്കോണം ലക്ഷംവീട് കോളനിയില്‍ ശ്യാംകുമാർ, ചിറയിൻകീഴ് വിളയിൽവീട്ടിൽ ഒട്ടകം രാജേഷ് എന്ന രാജേഷ്, ചിറയിന്‍കീഴ് ശാസ്തവട്ടം മാര്‍ത്താണ്ഡംകുഴി സുധീഷ് ഭവനില്‍ നിതീഷ്, ശാസ്തവട്ടം സീനഭവനില്‍ നന്ദിഷ്, കണിയാപുരം മണക്കാട്ടുവിളാകം പറമ്പില്‍വീട്ടില്‍ രഞ്ജിത്ത്, പിരപ്പന്‍കോട് തൈക്കാട് മുളങ്കുന്ന് ലക്ഷംവീട് കോളനിയില്‍ ശ്രീനാഥ്, കോരാണി വൈ.എം.എ. ജംഗ്ഷന്‍ വിഷ്ണുഭവനില്‍ സൂരജ്, കുടവൂര്‍ കട്ടിയാട് കല്ലുവെട്ടാന്‍കുഴിവീട്ടില്‍ അരുണ്‍, തോന്നയ്ക്കല്‍ കുഴിന്തോപ്പില്‍വീട്ടില്‍ ജിഷ്ണു, പ്രദീപ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ അശ്വതിയുടെ സഹോദരനാണ് രണ്ടാം പ്രതി ശ്യാംകുമാർ.

പ്രതികൾക്കെതിരെ കൊലപാതകം, വീട്ടിലേക്ക് അതിക്രമിച്ച് കയറൽ, എസ്.സി/എസ്.ടി വകുപ്പുകൾ എന്നിവ നിലനിൽക്കുമെന്നും എന്നാൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. നെടുമങ്ങാട് മുൻ ഡിവൈ.എസ്.പി എം.കെ.സുൽഫിക്കറിന്റെയും പോത്തൻകോട് ഇൻസ്‌പെക്ടർ ശ്യാമിന്റെയും നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പിന്മാറിയ കേസിൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ നേരിട്ട് കേസ് നടത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവൺമെന്റ് പ്ളീഡർ ഡോ.ടി.ഗീനാകുമാരി ഹാജരായി. പ്രോസിക്യൂഷനും സാക്ഷികൾക്കും ഭീഷണിയുണ്ടായിരുന്നതിനാൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. 84 സാക്ഷികളെയും 58 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.

കുടുക്കിയത് ക്യാമറാദൃശ്യങ്ങൾ

2021 ഡിസംബർ 11ന് ഉച്ചയ്ക്ക് 2.30നായിരുന്നു കൊലപാതകം. ഊരൂപൊയ്ക മങ്കാട്ടുമൂല സ്വദേശികളായ വിഷ്ണു, അഖിൽ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ, കല്ലൂരിലെ പാണൻവിളയിൽ ഒളിവിൽ കഴിയുകയായിരുന്നു സുധീഷ്. അക്രമികളെ കണ്ട് രക്ഷപ്പെടാൻ സമീപത്തെ സജീവിന്റെ വീട്ടിൽ ഓടിക്കയറിയ സുധീഷിനെ വാതിൽ വെട്ടിപ്പൊളിച്ചാണ് കൊലപ്പെടുത്തിയത്.

ഒന്നാംപ്രതി മഴു ഉപയോഗിച്ച് സുധീഷിന്റെ വലതുകാൽ മുട്ടിന് താഴെവച്ച് വെട്ടിയെടുത്ത് ഉയർത്തിപ്പിടിച്ച് ആർത്തുവിളിച്ച് ബൈക്കിൽ കല്ലൂർ ജംഗ്ഷനിലെത്തി. പരസ്യമായി ഇത് ഇവിടെ വലിച്ചെറിയുകയായിരുന്നു. പട്ടാപ്പകൽ നടന്ന ക്രൂരകൃത്യമായിട്ടും കോടതിയിൽ പ്രതികൾക്കെതിരെ മൊഴി നൽകാൻ ആരും തയ്യാറായില്ല. സാക്ഷികളെ ഗുണ്ടാസംഘം ഭയപ്പെടുത്തിയിരുന്നു. ക്യാമറ ദൃശ്യങ്ങളാണ് പ്രതികളുടെ അറസ്റ്റിന് സഹായകമായത്. വീട്ടുടമസ്ഥനായ സജീവ് മാത്രമാണ് കൃത്യമായ മൊഴി ആവർത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POTHENCODE SUDHEESH MURDER CASE, LIFE IMPRISONEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA