
വടകര: ദേശീയപാതയിൽ കാറപകടത്തിൽ മുത്തശ്ശി മരിക്കുകയും 9 വയസുള്ള കൊച്ചുമകൾ അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിൽ അപകടാവസ്ഥയിൽ തുടരുന്ന ദൃഷാനയ്ക്ക് 1കോടി 15 ലക്ഷം നൽകാൻ വിധിച്ച് എം.എ.സി.ടി ട്രൈബ്യൂണൽ. പെട്ടെന്ന് തീർപ്പാക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്ന് കേസ് അദാലത്തിൽ പരിഗണിക്കുകയായിരുന്നു.
നാഷണൽ ഇൻഷ്വറൻസ് കമ്പനിയാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. തുക കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനാണ് വിധി. ഇതിൽ 25 ലക്ഷം രൂപ ചികിത്സാർത്ഥം കുട്ടിക്ക് ഉടൻ പിൻവലിക്കാനാവും. ബാക്കി തുക കാടതി നിർദേശപ്രകാരമാണ് വിനിയോഗിക്കാൻ കഴിയുക. ഹിറ്റ് ആൻഡ് റൺ നടപടി പ്രകാരം കുട്ടിക്ക് ഇതിനകം അനുവദിച്ചു കിട്ടിയ അൻപതിനായിരം രൂപ കഴിച്ചുള്ള സംഖ്യയാണ് തുടർന്ന് ലഭിക്കുക.
2024 ഫെബ്രുവരി 17 ന് രാത്രി 10 മണിക്കാണ് കണ്ണൂർ മേലെ ചൊവ്വ സ്വദേശി ദൃഷാനയെയും (9) മുത്തശ്ശി ബേബിയെയും (68) അമിത വേഗതയിൽ പോവുകയായിരുന്ന കാർ വടകര ചോറോട് ഓവർ ബ്രിഡ്ജിന് സമീപം വച്ച് ഇടിച്ചു തെറിപ്പിച്ചത്. ബേബി തൽക്ഷണം മരിച്ചു. മുണ്ടയാട് എൽ.പി സ്കൂളിൽ അഞ്ചാം തരം വിദ്യാർത്ഥിനിയായ ദൃഷാനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോമയിലായ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇപ്പോഴും ചികിത്സയിലാണ്. ഇടിച്ച വാഹനം കണ്ടെത്താത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഒരു വർഷം നീണ്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇടിച്ചിട്ട കാർ കണ്ടെത്തിയിരുന്നു. സംഭവ ശേഷം വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലേക്ക് മടങ്ങുമ്പോൾ കോയമ്പത്തൂർ എയർപോർട്ടിൽ പിടിയിലായിരുന്നു. ബോധപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു. പിന്നീട് പ്രതിക്ക് ജാമ്യം ലഭിച്ചു. ദൃഷാനയ്ക്കു വേണ്ടി അഡ്വ.ഫൗസിയ വി.കെ ഹാജരായി. നാഷണൽ ഇൻഷ്വറൻസ് കമ്പനി അധികൃതർ അനുഭാവപൂർണമായ സമീപനമാണ് സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |